ഇസ്രയേൽ-അമേരിക്കൻ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം ജന്മനാടായ മഷാദിൽ സംസ്കരിക്കും. ഖമനയിയുടെ പിതാവിനെ സംസ്കരിച്ച ഇമാം റെസ പള്ളിയിലായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് സൂചന.
സംസ്കാര ചടങ്ങുകളുടെ കൃത്യമായ തീയതി ഇറാൻ ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരമോന്നത നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാനിൽ നിലവിൽ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ വസതിക്കുനേരെ ഇസ്രയേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും ഉൾപ്പെടെ കുടുംബാംഗങ്ങളും മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വധിക്കപ്പെട്ടിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേയും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ വൻമാറ്റമായാണ് ഈ വധത്തെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
















