ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വാസു നൽകിയ മൊഴികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും വിളിപ്പിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഉടൻ നോട്ടീസ് അയക്കും.
സ്വർണപ്പാളികളെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് എൻ. വാസു കൃത്യമായ മറുപടി നൽകിയില്ലെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
പാളികളിൽ പൂശിയതിന് ശേഷം ബാക്കി വന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് ഇ.ഡി വിലയിരുത്തുന്നു.
പ്രതികളുമായുള്ള ബന്ധത്തിലൂടെ എൻ. വാസു സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
















