സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഡെറാഡൂൺ. ഒരേസമയം പ്രകൃതിഭംഗിയും കാലാവസ്ഥയും സാംസ്‌ക്കാരിക സവിശേഷതകളും ഒപ്പം തിരക്കേറെയില്ലാത്ത സമാധാന അന്തരീക്ഷവുമാണ് ഡെറാഡൂണിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. തിരക്കേറിയ ജീവിതത്തില്‍ നിന്നും ഒരിടവേളയെടുത്ത് സമാധാനം നിറഞ്ഞ അവധിക്കാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഇടമാണ് ഡെറാഡൂൺ.
ഹിമാലയ നിരകളാലും വനങ്ങളാലും ചുറ്റപ്പെട്ട ഹില്‍സ്റ്റേഷനാണ് ഡെറാഡൂണ്‍. തെളിഞ്ഞ വെള്ളവുമായി പതഞ്ഞൊഴുകുന്ന നദികളും വെള്ളച്ചാട്ടങ്ങളുമെല്ലാം എപ്പോഴും ഡെറാഡൂണിന്റെ പ്രകൃതിക്ക് ഉന്മേഷം സമ്മാനിക്കും. ഏതാണ്ട് വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയാവുമെന്നതാണ് മറ്റൊരു നേട്ടം. തെളിഞ്ഞ വായുവും സമാധാനമുള്ള അന്തരീക്ഷവും തണുത്ത കാലാവസ്ഥയുമെല്ലാം ഇളവെയിലേറ്റുള്ള പ്രഭാത നടത്തങ്ങളെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റും. പൊതുവില്‍ ശാന്തമാണ് അന്തരീക്ഷം. വന്‍ നഗരങ്ങളെ അപേക്ഷിച്ച് ഗതാഗതക്കുരുക്കും മലിനീകരണവും ഡെറാഡൂണിനെ തൊട്ടു തീണ്ടിയിട്ടില്ല. മൂടല്‍ മഞ്ഞിലെ പ്രഭാതങ്ങളും ഇളംകാറ്റും പച്ചപ്പും നിറഞ്ഞ തുറസായ താഴ്‌വരകളും ഡെറാഡൂണിന്റെ ആകര്‍ഷണീയത കൂട്ടുന്നു. സഞ്ചാരികളെ ഓരോ നിമിഷവും ആകര്‍ഷിക്കാനാവുന്ന പ്രകൃതിഭംഗിയുണ്ട് ഡെറാഡൂണിന്.
പറ്റിയ സമയം
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ(വേനല്‍)- സുഖകരമായ കാലാവസ്ഥയുള്ള ഈ സമയം പുറത്തെ കാഴ്ചകള്‍ കാണാനും ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ക്കുമെല്ലാം പറ്റിയ സമയമാണ്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ(മഴക്കാലം)- പ്രകൃതി പച്ചപ്പിന്റെ സമ്പന്നതയിലേക്കു വരുന്ന സമയമാണിത്. മനോഹരമായ പ്രകൃതിയെ കണ്‍കുളിര്‍കെ ആസ്വദിക്കാം. എങ്കിലും ഇടയ്ക്ക് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ(ശൈത്യകാലം) – തണുപ്പുകാലത്താണ് സമീപത്തെ മലനിരകള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
റോബേഴ്‌സ് കേവ്
ഡെറാഡൂണിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് റോബേഴ്‌സ് കേവ്. ഇത് പ്രാദേശികമായി ഗുച്ചു പാനി എന്നും അറിയപ്പെടുന്നു. ഏകദേശം 600 മീറ്റര്‍ നീളത്തിലുള്ള പ്രകൃതിദത്തമായ ഗുഹയാണിത്. പാറക്കെടുകളിലൂടെ ഒഴുകുന്ന കാല്‍ മുട്ടോളം ആഴത്തിലുള്ള തണുത്ത വെള്ളത്തിലൂടെ നടക്കാനാവുമെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ബ്രിട്ടിഷ് കാലത്ത് മോഷ്ടിച്ച സാധനങ്ങളുമായി ഒളിച്ചിരിക്കാന്‍ ഈ ഗുഹ കവര്‍ച്ചക്കാര്‍ ഉപയോഗിച്ചതിനാലാണ് റോബേഴ്‌സ് കേവ് എന്ന പേരു വന്നത്.
ഹസ്രധാര
കുന്നിന്‍ മുകളില്‍ നിന്ന് അനേകം ചെറു വെള്ളച്ചാട്ടങ്ങളായി വെള്ളം താഴേക്കു വരുന്നതിനാലാണ് ഇങ്ങനെയൊരു പേര് ലഭിച്ചത്. ഇവിടുത്തെ വെള്ളത്തില്‍ സല്‍ഫറിന്റെ അംശം കൂടുതലുള്ളതിനാല്‍ ഇവിടെ കുളിക്കുന്നത് ചര്‍മ്മരോഗങ്ങള്‍ മാറാന്‍ സഹായിക്കും. വെള്ളച്ചാട്ടങ്ങള്‍ക്കൊപ്പം പ്രകൃതിദത്ത ഗുഹകളും ഇവിടെ നിരവധിയുണ്ട്. കുന്നിന്‍ മുകളിലേക്ക് പോവാന്‍ റോപ്പ് വേ സൗകര്യമുണ്ട്. കുന്നിന്‍ മുകളില്‍ നിന്നും ഡെറാഡൂണ്‍ നഗരത്തിന്റെ മനോഹരമായ ദൃശ്യവും ആസ്വദിക്കാനാവും.
ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
വനഗവേഷണ രംഗത്തെ ഇന്ത്യയുടെ അഭിമാന സ്ഥാപനം. ബ്രിട്ടിഷ് കാലത്ത് 1906 ല്‍ സ്ഥാപിതമായതാണ് എഫ്ആര്‍ഐ. ഗ്രീക്കോ റോമന്‍ ശൈലിയില്‍ ചുവന്ന ഇഷ്ടികകള്‍ കൊണ്ടുള്ള പ്രധാന കെട്ടിടം ഇത്തരത്തിലുള്ള ലോകത്തിലെ തന്നെ വലിയ നിര്‍മിതികളിലൊന്നാണ്. നിരവധി ബോളിവുഡ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വനശാസ്ത്രവുമായി ബന്ധപ്പെട്ട ആറ് പ്രധാന മ്യൂസിയങ്ങളാണ് ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. അപൂര്‍വ സസ്യജാലങ്ങളാല്‍ നിറഞ്ഞ 450 ഹെക്ടറിലധികം വിസ്തൃതിയുള്ള വിശാലമായ ക്യാംപസും പ്രകൃതി സ്‌നേഹികളേയും സഞ്ചാരികളേയും ആകര്‍ഷിക്കാറുണ്ട്. സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശനം.
മൈന്‍ഡ്രോളിങ് മൊണാസ്ട്രി
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത പഠനകേന്ദ്രങ്ങളിലൊന്നാണ് മൈന്‍ഡ്രോളിങ് മൊണാസ്ട്രി. 1965ലാണ് സ്ഥാപിതമായത്. മൈന്‍ഡ്രോളിങ് മൊണാസ്ട്രിയുടെ വാസ്തുവിദ്യയും ശാന്തമായ അന്തരീക്ഷവും സഞ്ചാരികളെ ആകര്‍ഷിക്കും. പ്രധാന ആകര്‍ഷണങ്ങളിലൊന്ന് 185 അടി ഉയരത്തിലുള്ള ഗ്രേറ്റ് സ്തൂപയാണ്. ഇതിന്റെ ഓരോ നിലയും ബുദ്ധമതത്തിലെ വിവിധ തത്വങ്ങളേയും വിശ്വാസങ്ങളേയും പ്രതിനിധീകരിക്കുന്നു. ചുറ്റും വിശാലമായ പൂന്തോട്ടങ്ങള്‍ പ്രാര്‍ഥനക്കും ധ്യാനത്തിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.
എങ്ങനെ എത്തിച്ചേരാം?
ആകാശമാര്‍ഗം എത്തുന്നവര്‍ക്ക് ഡെറാഡൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളം ആശ്രയിക്കാവുന്നതാണ്. പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സര്‍വീസുണ്ട്. ട്രെയിനാണെങ്കില്‍ ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഇറങ്ങാനാവും. ഉത്തരാഖണ്ഡ് തലസ്ഥാനമായതിനാല്‍ തന്നെ റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്താനുള്ള സൗകര്യവും സഞ്ചാരികള്‍ക്ക് ലഭിക്കും.
















