അമേരിക്കയിലെ ഏറ്റവും മനോഹരമായ നഗരമാണ് സിയാറ്റിൽ. കടലും കാടും മലനിരകളും ഒത്തുചേരുന്ന അപൂർവ സ്ഥലമാണ് ഇവിടം. ചെറി ബ്ലോസം, പൈക്ക് പ്ലേസ് മാർക്കറ്റിലെ പൂക്കാലം, ഇലപൊഴിയും കാലവും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടുത്തെ പ്രധാന പ്രത്യേകതകളാണ്. സിയാറ്റിലിൽ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന 12 വ്യത്യസ്ത അനുഭവങ്ങൾ അറിഞ്ഞാലോ ?
ഫ്രാങ്ക്ലിൻ ഫാൾസിലെ മഞ്ഞു വിസ്മയം
സിയാറ്റിൽ നഗരത്തിൽ നിന്ന് വെറും ഒരു മണിക്കൂർ ദൂരമേയുള്ളൂ ഫ്രാങ്ക്ലിൻ ഫാൾസിലേക്ക്. ജനുവരിയിലെ കടുത്ത തണുപ്പിൽ 70 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മഞ്ഞുകട്ടകളായി ഉറച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്.
സ്നോ ട്യൂബിങ്ങും സ്കീയിങ്ങും
സ്നോ സ്പോർട്സ് ഇഷ്ടപ്പെടുന്നവർക്ക് ‘സമ്മിറ്റ് അറ്റ് സ്നോക്വാൾമി’ പ്രിയപ്പെട്ട ഇടമാകും. തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന സ്കീയിങ് ട്രാക്കുകൾ ഇവിടെയുണ്ട്.
ബേസ്ബോൾ ആവേശം
അമേരിക്കക്കാരുടെ പ്രിയപ്പെട്ട ബേസ്ബോൾ സീസണിന് മാർച്ചിൽ തുടക്കമാകും. സിയാറ്റിൽ മറീനേഴ്സിന്റെ കളി ആസ്വദിക്കാൻ ടി-മൊബൈൽ പാർക്ക് തയാറെടുക്കുന്നു. വസന്തകാലത്തെ തെളിഞ്ഞ ആകാശത്തിന് കീഴിൽ കളി കാണുന്നത് വേറിട്ടൊരു അനുഭവമായിരിക്കും.
ചെറി ബ്ലോസം കാഴ്ചകൾ
വാഷിങ്ടൺ പാർക്ക് അർബോറേറ്റം 230 ഏക്കറിൽ പരന്നു കിടക്കുന്ന പച്ചപ്പിന്റെ കലവറയാണ്. ഏപ്രിൽ മാസത്തിൽ ഇവിടുത്തെ അസാലിയ വേ ചെറി പൂക്കളാൽ നിറഞ്ഞുനിൽക്കും. പിക്നിക്കിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.
പൈക്ക് പ്ലേസ് മാർക്കറ്റിലെ പൂക്കാലം
ലോകപ്രസിദ്ധമായ പൈക്ക് പ്ലേസ് മാർക്കറ്റിലെ ‘ഫ്ലവർ ഫെസ്റ്റിവൽ’ (മേയ് 9, 10) ഈ മാസത്തെ ആകർഷണമാണ്. പ്രാദേശിക കർഷകർ എത്തിക്കുന്ന വർണശബളമായ പൂക്കൾ കൊണ്ട് മാർക്കറ്റ് നിറയും.
വാട്ടർഫ്രണ്ട് പാർക്കിലെ സൂര്യാസ്തമയം
സിയാറ്റിലിന്റെ നവീകരിച്ച വാട്ടർഫ്രണ്ട് പാർക്കിൽ കടൽക്കാഴ്ചകളും ഫെറികളും കണ്ട് സമയം ചെലവഴിക്കാം. മോളി മൂൺസിന്റെ ഐസ്ക്രീമും കഴിച്ച് പ്യൂഗെറ്റ് സൗണ്ടിലെ സൂര്യാസ്തമയം കാണുന്നത് അതീവ സുന്ദരമാണ്.
ഡിസ്കവറി പാർക്ക്
സിയാറ്റിലിലെ ഏറ്റവും വലിയ പാർക്കാണിത്. ഒളിംപിക് പർവതനിരകളുടെ ഭംഗി ആസ്വദിക്കാനും കടൽത്തീരത്തിലൂടെ നടക്കാനും ജൂലൈ മാസമാണ് ഏറ്റവും അനുയോജ്യം.
പൂ പൂ പോയിന്റിലെ ഹെലികോപ്റ്റർ കാഴ്ച
പേര് കേട്ട് നെറ്റി ചുളിക്കേണ്ട! ടൈഗർ മൗണ്ടനിലെ ഈ പോയിന്റിൽ നിന്നാൽ റെയ്നിയർ കൊടുമുടിയുടെ പനോരമിക് കാഴ്ച കാണാം. വിഖ്യാത പരമ്പരയായ ‘ഗ്രേയ്സ് അനാട്ടമി’യിലെ മക്ഡ്രീമിയുടെ വീട് ഇവിടെയായിരുന്നു.
കാട്ടിലെ ‘കൂൺ’ വേട്ട
കാട്ടിൽ നിന്ന് കൂണുകൾ ശേഖരിക്കാൻ താല്പര്യമുള്ളവർക്ക് സെപ്റ്റംബർ പ്രിയപ്പെട്ട മാസമാണ്. മൗണ്ട് റെയ്നിയറിന് അടുത്തുള്ള വനങ്ങളിൽ ഗൈഡുകൾക്കൊപ്പം കൂൺ ശേഖരിക്കാൻ പോകാം.
ഇലപൊഴിയും കാലവും വെള്ളച്ചാട്ടങ്ങളും
ട്വിൻ ഫാൾസിലെ കാടുകൾ ഒക്ടോബറിൽ ചുവപ്പും മഞ്ഞയും നിറങ്ങളാൽ പുതയ്ക്കും. മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുള്ള ഈ ട്രെക്കിങ് കുടുംബത്തോടൊപ്പം പോകാൻ അനുയോജ്യമാണ്.
വൈൻ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര
സിയാറ്റിലിൽ നിന്ന് 30 മിനിറ്റ് ദൂരെയുള്ള വുഡിൻവില്ലെ നൂറിലധികം വൈൻ ടേസ്റ്റിങ് റൂമുകൾക്ക് പേര് കേട്ടതാണ്. തണുപ്പുള്ള നവംബർ വൈകുന്നേരങ്ങളിൽ വൈൻ രുചിക്കാൻ ഇവിടം തിരഞ്ഞെടുക്കാം.
ക്രിസ്മസ് കപ്പൽ യാത്ര
1949 മുതൽ സിയാറ്റിലിൽ തുടരുന്ന പാരമ്പര്യമാണ് ആർഗോസി ക്രൂയിസസ് ക്രിസ്മസ് ഷിപ്പ് ഫെസ്റ്റിവൽ. വർണവിളക്കുകളാൽ അലങ്കരിച്ച കപ്പലിലിരുന്ന് ക്രിസ്മസ് പാട്ടുകൾ കേട്ട് നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാം.
















