സിനിമാ റിലീസുമായി ബന്ധപ്പെട്ട് വീണ്ടുമൊരു വിവാദം ഉണ്ടായിരിക്കുകയാണ്. 140 കോടി ചിലവിട്ട് ആന്റോ ജോസഫ് നിർമ്മിച്ച ചിത്രമാണ് മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെത്തുന്ന മഹേഷ് നാരായണന്റെ സിനിമ ‘പേട്രിയറ്റ്’. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തീയേറ്ററുടമകളുമായാണ് ഇപ്പോൾ വിവാദമുണ്ടായിരിക്കുന്നത്. ആദ്യ ആഴ്ച്ചയിൽ 60% പിന്നെ 55% എന്ന രീതിയിലാണ് ഇപ്പോൾ തീയേറ്ററുടമകൾ കൊടുക്കുന്നത്. എന്നാൽ ആന്റോ ജോസഫ് കൂടുതൽ പണം ആവിശ്യപ്പെട്ടെന്ന് പറഞ്ഞാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. രണ്ട് ആഴ്ച്ചയിലേക്ക് 60%ചോദിച്ചെന്നും സിനിമ ഹോൾഡ് ഓവർ ആവരുതെന്നും ആവിശ്യപ്പെട്ടിട്ടുണ്ട്. ഒരു കാരണവശാലും അത് അംഗീകരിക്കില്ലെന്നാണ് ഫിയോക് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്റോ ജോസഫും ഫിയോകിന്റെ പ്രസിഡന്റ് വിജയകുമാറും തമ്മിൽ സംസാരം ഉണ്ടായിരുന്നു.
ആന്റോ ജോസഫിന്റെ സിനിമ 60%ത്തിൽ എഗ്രിമെന്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഫിയോക് അംഗങ്ങൾക്ക് വാട്സപ്പിലൂടെ നിർദ്ദേശം ലഭിച്ചിരിക്കുകയാണ്. ”ആന്റോജോസഫ് ഫിലിം കമ്പനിയുടെ “പേട്രിയറ്റ്” എന്ന സിനിമയ്ക്ക് ഇൻഡസ്ട്രിയിൽ നിലവിലില്ലാത്ത ടേംസ് ആണ് ചോദിക്കുന്നത് അതുകൊണ്ട് ഈ ചിത്രത്തിന്റെ എഗ്രിമെന്റ് വെയ്ക്കുന്നത് സംഘടനയുടെ അറിയിപ്പ് വന്നതിനു ശേഷം മാത്രമേ ആകാവൂ എന്നറിയിക്കുന്നു.” എന്നതാണ് വാട്സാപ് സന്ദേശം. ഇതോടെ സംഘടനയിൽ വലിയൊരു പൊട്ടിത്തെറിയുണ്ടാവുകയും ഫിയോക് രണ്ടായി പിളരാൻ സാധ്യത ഉണ്ടെന്നുമാണ് സൂചനകൾ.
മുൻപ് രജനികാന്തിന്റെ ശിവാജി എന്ന തമിഴ് സിനിമ റിലീസിന് വന്നപ്പോൾ സ്പെഷ്യൽ റിക്വസ്റ്റ് പ്രകാരം അന്നത്തെ ഫെഡറേഷൻ 60% ത്തിൽ എഗ്രിമെന്റ് ചെയ്ത് കൊടുത്തിട്ടുണ്ട്. എന്നാൽ അന്ന് കോർപ്പറേഷന്റെയും മുൻസിപ്പാലിറ്റിയുടെയും നിയന്ത്രണത്തിലായിരുന്നു സിനിമാ ടിക്കറ്റ് വർധനവ് ഉണ്ടായിരുന്നത്. ശിവാജി പോലുള്ള സിനിമകളുടെ ടിക്കറ്റ് റേറ്റ് അന്ന് വർധിപ്പിച്ചിരുന്നു. 50, 75 രൂപ ഉണ്ടായിരുന്ന ടിക്കറ്റ് റേറ്റ് 100 രൂപ ആക്കിയാണ് സിനിമകൾ അന്ന് തീയേറ്ററിൽ പ്രദർശനം നടത്തിയത്. അന്ന് എല്ലാത്തിനും ഫെഡറേഷൻ സഹകരിച്ചിരുന്നു, പക്ഷെ ഇന്നത്തെ അവസ്ഥ അങ്ങനല്ല.
സംഘടനയിലെ ഒരു വിഭാഗം ആളുകൾ ഇപ്പോൾ സിനിമയില്ല എന്ന് പറഞ്ഞ് ഒരു വശത്ത് നിലവിളിക്കുകയാണ്. എന്നാൽ സിനിമ പ്രദർശനത്തിന് എത്തുമ്പോൾ അതുമായി സഹകരിക്കുന്നുമില്ല. സിനിമാ പ്രദർശനം ഹോൾഡ് ഓവർ ആയാലും 60% കൊടുക്കണമെന്ന് ആവിശ്യവും ഉന്നയിക്കുന്നുണ്ട്. രണ്ട് കോസ് വെച്ചാൽ ഏതെങ്കിലും ഒന്ന് അംഗീകരിക്കുമെന്ന് വിചാരിച്ചാണ് ഇത്തരമൊരു നീക്കം.
ആദ്യമായി വെെഡ് റിലീസ് വന്നത് ആന്റോ ജോസഫിന്റെ ചിത്രമായ അണ്ണൻ തമ്പിയാണ്. അന്ന് 78-80 തീയേറ്ററിലെ ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നുള്ളു. പക്ഷെ അത് കൂടാതെ മലബാറിലെ കോട്ടക്കൽ, കൊണ്ടോട്ടി പോലുള്ള പത്തിരുപത് സ്ഥലങ്ങളിളും ആന്റോ ജോസഫ് തന്റെ സിനിമയുടെ റിലീസ് വെച്ചു. അത് റിലീസിങ് ക്യാമ്പ് ആയിരുന്നില്ല, ഷിഫ്റ്റിങ് ക്യാമ്പ് ആയിരുന്നു. അതൊരു ബിഗ് ബഡ്ജറ്റ് സിനിമയാണെന്നും, കൂടുതൽ സ്ഥലത്ത് റിലീസ് വെച്ചാലെ മുടക്കു മുതൽ തിരിച്ച് കിട്ടുകയുള്ളു എന്ന വാശിയായിരുന്നു ആന്റോ ജോസഫിന്. അന്നത്തെ ആ പ്രശനവും സമരത്തിന്റെ വക്കിലെത്തിയിരുന്നു.
പിന്നീട് ഫെഡറേഷനും ഡിസ്ട്രിബ്യൂട്ടേർസും മീറ്റിങ്ങ് കൂടിയതിന് ശേഷം 30 സെന്റേർസ് കൂടി കൂട്ടിക്കൊടുക്കുകയായിരുന്നു. ഫെഡറേഷനുമായി വേറെയും സമരം വന്നിട്ടുണ്ട്. 2008-ൽ മെയിൻ മായാബസാർ എന്ന ചിത്രം സ്റ്റേഷനിൽ കളിക്കില്ലെന്ന് പറഞ്ഞിരുന്നു.പിന്നീട് മായാബസാറും കുരുക്ഷേത്ര സിനിമയും കൂടെ വെെഡ് റിലീസായി സി ക്ലാസിൽ പ്രദർശനം നടത്തുകയായിരുന്നു.
















