പോപ്പ് താരം ബ്രിട്ടനി സ്പിയേഴ്‌സ് അറസ്റ്റിൽ. മദ്യലഹരിയിൽ വാഹനം ഓടിച്ചെന്ന കേസിൽ ആണ് പോലീസ് താരത്തെ അറസ്റ്റ് ചെയ്തത്. കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽവെച്ച് മാർച്ച് നാലിന് രാത്രി 9.28-ഓടെയാണ് ഗായകയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ അറിയിച്ചു.
അടുത്തദിവസം പുലർച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകൾക്ക് ശേഷം രാവിലെ ആറോടെയാണ് അവരെ വിട്ടയച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കേസിൽ മെയ് നാലിന് അവർക്ക് കോടതിയിൽ ഹാജരാകേണ്ടിവരും. കുറച്ചു കാലമായി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയാണ് ബ്രിട്‌നി.
നടനും ഫിറ്റ്‌നസ് ട്രെയിനറുമായ സാം അസ്ഗരിയെ ബ്രിട്‌നി വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു. വിവാഹമോചന നടപടികളും ഇരുവരും പൂർത്തിയാക്കി.’ദ വുമൺ ഇൻ മി’ എന്ന പുസ്തകത്തിൽ അവർ കരിയറിനെയും വ്യക്തിപരമായ പോരാട്ടങ്ങളെയും കുറിച്ച് വിവരിച്ചിരുന്നു. അടുത്തിടെ അവർ മ്യൂസിക് കാറ്റലോഗും അനുബന്ധ അവകാശങ്ങളും പ്രൈമറി വേവിന് വിറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നിരുന്നാലും പോപ്പ് സംഗീതത്തിലെ ഏറ്റവും ശ്രദ്ധനേടിയ വ്യക്തിത്വങ്ങളിൽ ഒരാളായി അവർ തുടരുകയാണ്. 2019-ൽ ‘ഡോമിനേഷൻ’ എന്ന പേരിൽ ലാസ് വെഗാസിൽ ഒരു റെസിഡൻസി നടത്താൻ അവർ പദ്ധതിയിട്ടിരുന്നു. പിന്നീട് ഈ പ്രോജക്റ്റ് മാറ്റിവെക്കുകയും അവർ നീണ്ട കാലയളവിലേക്ക് പൊതുവേദികളിൽനിന്ന് പിന്മാറുകയും ചെയ്തിരുന്നു.
















