ഹോളി മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി റോഡ്‌സ്റ്റര്‍ ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിളിന് വന്‍ വിലക്കുറവുമായി ഒല ഇലക്ട്രിക്ക്. 79,999 രൂപ മുതലാണ് റോഡ്‌സ്റ്റര്‍ എക്‌സ് ബൈക്കിന്റെ പുതിയ ഓഫര്‍ വില ആരംഭിക്കുന്നത്. ജനപ്രിയ ഇരുചക്രവാഹനങ്ങളേക്കാള്‍ കുറഞ്ഞ വില നല്‍കിക്കൊണ്ട് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഒലയുടെ ശ്രമം.
വില്‍പന വലിയ തോതില്‍ ഇടിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ഒലയുടെ പുതിയ നീക്കം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയുടെ 24 ശതമാനവും ഒല ഇലക്ട്രിക്കിന്റെയായിരുന്നു. എന്നാല്‍ ഇപ്പോഴത് വെറും നാലു ശതമാനത്തിലേക്ക് കൂപ്പു കുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങളും വില്‍പനാനന്തര സേവനത്തിലുണ്ടായ വീഴ്ച്ചകളും മുന്‍നിര ഇരുചക്രവാഹന കമ്പനികളുടെ കടന്നുവരവുമെല്ലാം ഒല ഇലക്ട്രിക്കിനെ നേരിട്ട് ബാധിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത എസ്1 മോഡലുകള്‍ക്ക് പരിമിത കാലത്തേക്ക് ഹോളി ഓഫറുകളും എക്സ്റ്റന്‍ഡഡ് വാറന്റിയും ഒല വാഗ്ദാനം ചെയ്യുന്നുണ്ട്. റോഡ്‌സ്റ്റര്‍ എക്‌സ് മൂന്ന് വ്യത്യസ്ത ബാറ്ററികളിലാണ് ഇപ്പോള്‍ ഒല വില്‍ക്കുന്നത്. 2.5 കിലോവാട്ട് വകഭേദത്തിന് 79,999 രൂപയും 3.5 കിലോവാട്ട് വകഭേദത്തിന് 92,999 രൂപയും 4.5 കിലോവാട്ട് വകഭേദത്തിന് 99,999 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകളും വലിയ ബാറ്ററി ഓപ്ഷനുമുള്ള റോഡ്‌സ്റ്റര്‍ എക്‌സ്+ മോഡലിന് 1.09 ലക്ഷം രൂപയാണ് വില. 4.5 കിലോവാട്ടിന്റെയാണ് ബാറ്ററി. ഏറ്റവും ഉയര്‍ന്ന 9.1 കിലോവാട്ട് പതിപ്പിന് 1.89 ലക്ഷമാണ് വില. ഫ്‌ളാഷ് സെയില്‍ മാതൃകയിലാണ് ഒല കുറഞ്ഞ വിലയില്‍ അവരുടെ വാഹനങ്ങള്‍ വില്‍ക്കുന്നത്. ഒല ഇലക്ട്രിക്കിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് വില്‍പന. ഹോളി ആഘോഷങ്ങളുടെ ഭാഗമായി 90 മിനുറ്റ് സമയത്തേക്ക് മാത്രമായിട്ടായിരിക്കും കുറഞ്ഞ വിലയില്‍ ഒല മോട്ടോര്‍സൈക്കിളുകള്‍ ലഭിക്കുക. വില്‍പനയില്‍ വലിയ തോതില്‍ വെല്ലുവിളികളും തിരിച്ചടികളും ഒല ഇലക്ട്രിക്ക് നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആകെ 3,968 യൂണിറ്റുകള്‍ മാത്രമാണ് ഒല ഇലക്ട്രിക്കിന് വില്‍ക്കാനായത്. ഇതോടെ ആദ്യമായി ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വില്‍പനയുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഒല കൂപ്പുകുത്തി. 2022നു ശേഷം ഒല ഇലക്ട്രിക്കിന്റെ ഏറ്റവും മോശം പ്രതിമാസ വില്‍പനയുടെ പ്രകടനം കൂടിയാണിത്. നിലവില്‍ ടിവിഎസും ബജാജുമാണ് ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ വില്‍പനയില്‍ മുന്നിലുള്ള കമ്പനികള്‍.
















