ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്. മെഴ്സിഡീസ് ബെൻസിന്റെ എസ്‌യുവി ജി–വാഗൺ നടൻ ഗാരേജിലെത്തിച്ചു. ജി വാഗണിന്റെ 450ഡി എന്ന മോഡലാണ് ഷാഹിദിന്റെ ഏറ്റവും പുതിയ വാഹനം. 2025 ൽ വിപണിയിൽ എത്തിയ മോഡലിന്റെ എക്സ്ഷോറൂം വില 2.9 കോടി രൂപ ആണ്.
മെഴ്സിഡീസ് ബെൻസ് വാഹനങ്ങളുടെ ആരാധകനായ ഷാഹിദിന്റെ ഗാരിജിൽ മെയ്ബ ജിഎൽഎസ്, മെയ്ബ എസ്-ക്ലാസ് എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ ഉണ്ട്. ബെൻസിന്റെ ഏറ്റവും കരുത്തൻ എസ്‍യുവിയായ ജി വാഗണിന് ബോളിവുഡിൽ ആരാധകർ ഏറെയാണ്. ഖുഷി കപൂർ, ഹാർദിക് പാണ്ഡ്യ, രോഹിത് ഷെട്ടി, പാർമിഷ വർമ തുടങ്ങിയ താരങ്ങളുടെ ഗാരേജുകളിൽ ഇതിന് ഇടം പിടിച്ചിട്ടുണ്ട്. ജി–വാഗണിന്റെ ക്ലാസിക് ഗ്രേ നിറത്തിലുള്ള മോഡലാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രേ കൂടാതെ, റൂബെല്ലൈറ്റ് റെഡ്, ഡീപ് ഗ്രീൻ, ഡാർക്ക് ബ്ലൂ, ഓപലൈറ്റ് വൈറ്റ് ബ്രൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിലു വാഹനം ലഭിക്കും.
ഷാഹിദ് കപൂർ സ്വന്തമാക്കിയ ജി 450ഡി മോഡലിൽ, 362 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കുമുള്ള 3 ലീറ്റർ ഡീസൽ എൻജിനാണ്. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് ഗിയർബോക്സ്. വേഗം 100 കിലോമീറ്റർ കടക്കാൻ വെറും 5.8 സെക്കൻഡ് മാത്രം മതി.
















