സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കാനാണ് സർക്കാർ തീരുമാനം.
എന്നാൽ അടിസ്ഥാന ശമ്പളം 40,000 ആയി ഉയർത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നഴ്സുമാരുടെ സംഘടനയായ യുഎൻഎ.
ഇന്ന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗൺസില്‍ യോഗത്തില്‍ വിഷയം ചർച്ച ചെയ്ത് തുടർന്നുള്ള സമരപരിപാടികളില്‍ തീരുമാനമെടുക്കും.
വിജ്ഞാപനത്തിൽ ആക്ഷേപം കേൾക്കാൻ 60 ദിവസത്തെ സമയമുണ്ടാകും. അഭിപ്രായ ശേഖരണം പൂർത്തിയാക്കിയ ശേഷമാകും അന്തിമ തീരുമാനം. നഴ്സുമാർക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ മറ്റ് ജീവനക്കാരുടെ ശമ്പളത്തിലും വർധനയുണ്ടാകും.
നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. ശമ്പള വർധനയ്ക്കായി സ്വകാര്യ ആശുപത്രി നഴ്സസിന്റെ സമരം തുടരുന്നതിനിടെയാണ് അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം.
















