ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ് ടി-20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് മാര്‍ച്ച് ഒമ്പതിന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക് 318-ന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് എക്‌സോട്ടിക്കയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരങ്ങള്‍ അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് നടക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ യൂത്ത് ക്രിക്കറ്റ് ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷം സംഘടിപ്പിക്കുന്ന ഈ മെഗാ ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ 10 സര്‍വ്വകലാശാലകളില്‍ നിന്നായി 60-ഓളം കോളേജുകളും തൊള്ളായിരത്തിലധികം വിദ്യാര്‍ത്ഥികളും മാറ്റുരയ്ക്കും. സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എന്നിങ്ങനെ മൂന്ന് സോണുകളായാണ് മത്സരം നടക്കുന്നത്. 35 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ സോണിലും 20 ടീമുകള്‍ വീതമാണുള്ളത്.
സെന്‍ട്രല്‍ സോണിലെ മത്സരങ്ങള്‍ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുമ്പോള്‍ മറ്റ് സോണുകളിലെ മത്സരങ്ങള്‍ അതാത് മേഖലകളിലെ കെ.സി.എ സ്റ്റേഡിയങ്ങളില്‍ വെച്ച് നടക്കും. അഞ്ച് വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് തെക്കന്‍ മേഖലാ മത്സരങ്ങള്‍ തിരുവനന്തപുരത്തും മധ്യമേഖലാ മത്സരങ്ങള്‍ തൊടുപുഴ, ആലപ്പുഴ എന്നിവടങ്ങളിലും നടക്കും.വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ക്ക് തലശ്ശേരിയും പെരിന്തല്‍മണ്ണയുമാണ് വേദിയാകുന്നത്. ഓരോ സോണില്‍ നിന്നും മുന്നിലെത്തുന്ന ടീമുകള്‍ ആലപ്പുഴയിലും തൃപ്പൂണിത്തുറയിലും വെച്ച് നടക്കുന്ന ‘സൂപ്പര്‍ സിക്‌സ്’ ഘട്ടത്തിലേക്ക് യോഗ്യത നേടും. ചാമ്പ്യന്‍ഷിപ്പിലാകെ 80 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പകല്‍-രാത്രി മത്സരങ്ങളുടെ മാതൃകയില്‍ പിങ്ക് പന്തുകളാണ് ടൂര്‍ണമെന്റില്‍ ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
യുവ പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന മികച്ച വേദി കൂടിയാണിത്. കഴിഞ്ഞ ആറ് സീസണുകളിലും ആറ് വ്യത്യസ്ത ചാമ്പ്യന്‍മാരെ സമ്മാനിച്ച ഈ ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടം മുതല്‍ മികച്ച കളിക്കാരെ കണ്ടെത്താന്‍ കേരള ക്രിക്കറ്റ് ലീഗിലെ വിവിധ ഫ്രാഞ്ചൈസികള്‍ നേരിട്ടെത്തും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍), ദേശീയ തലങ്ങള്‍ തുടങ്ങിയ പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് ചുവടുവെക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ അണിനിരത്തുക എന്ന വലിയ സാമൂഹിക ലക്ഷ്യത്തോടെയാണ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഈ ടൂര്‍ണമെന്റിന് രണ്ടാം തവണ നേതൃത്വം നല്‍കുന്നത്.പത്രസമ്മേളനത്തില്‍ ലയണ്‍സ് മള്‍ട്ടിപ്പിള്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളായ രാജന്‍ നമ്പൂതിരി,ഷൈന്‍ കുമാര്‍, ജെയിംസ് പോള്‍ വളപ്പില ,ഗോപകുമാര്‍ മേനോന്‍, സ്‌പോര്‍ട്‌സ് എക്‌സോട്ടിക്ക ഡയറക്ടര്‍മാരായ രാജു മാത്യു, ജ്യോതിഷ് പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
















