കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജോലികളിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്താൻ സാമൂഹിക നീതി വകുപ്പ് ശുപാർശ സമർപ്പിച്ചു. അർഹരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിലവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ ഈ ശുപാർശ ചർച്ചയ്ക്ക് വന്നെങ്കിലും, സംവരണ വ്യവസ്ഥകൾ കൃത്യമായി നടപ്പിലാക്കുന്നതിനായി കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭ നിർദ്ദേശിച്ചു. ഇതിനായി വിഷയത്തിൽ ഒരു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സംവരണ വിഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിൽ എങ്ങനെ ഇത് നടപ്പിലാക്കാം എന്നതിലാകും പ്രധാനമായും പഠനം നടക്കുക.
നിലവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രത്യേക പരിഗണന നൽകിവരുന്നുണ്ട്.
പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മൂന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ജോലി നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് അടുത്തിടെ അധിക തസ്തികകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിലുള്ള റാങ്ക് പട്ടികകളിൽ നിന്ന് ഇത്തരം പ്രത്യേക നിയമനങ്ങൾ നടത്തുന്നതിൽ ചില നിയമപരവും പ്രായോഗികവുമായ തടസ്സങ്ങൾ ഉയർന്നുവന്നു. ഈ സാഹചര്യത്തിലാണ് സംവരണത്തിന് കൃത്യമായ ചട്ടക്കൂട് ആവശ്യമാണെന്ന നിഗമനത്തിൽ സർക്കാർ എത്തിയത്.
















