പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ സംവരണശാലകൾക്ക് നേരെ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ശനിയാഴ്ച രാത്രി വൈകി നടന്ന ആക്രമണത്തിൽ തലസ്ഥാനമായ ടെഹ്റാനിലെയും സമീപ നഗരമായ കറാജിലെയും പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ തകർന്നു. സ്ഫോടനത്തെത്തുടർന്ന് ഈ മേഖലകളിൽ വൻ തീപിടുത്തമാണ് ഉണ്ടായത്.
ടെഹ്റാനിലെ ഷഹ്‌റാൻ, കുഹാക്ക് മേഖലകളിലെയും കറാജിലെ അസിമിയയിലുമുള്ള എണ്ണ ഡിപ്പോകളാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾക്കപ്പുറമുള്ള വീടുകളെ പോലും ബാധിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ആകാശത്തേക്ക് ഉയരുന്ന ഭീമാകാരമായ തീഗോളങ്ങളുടെയും പുകപടലങ്ങളുടെയും ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപമാണ് ഈ ആക്രമണം നടന്നതെങ്കിലും, ശുദ്ധീകരണശാലയ്ക്ക് നേരിട്ട് കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിന് തൊട്ടുമുമ്പ് ടെഹ്റാനിലെ മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. വിപ്ലവ ഗാർഡിന്റെ ആയുധ നീക്കങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കമെന്നാണ് സൂചന. വിമാനത്താവള പരിസരത്തും വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.
ടെഹ്റാനിലെയും അൽബോർസ് പ്രവിശ്യയിലെയും ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നതായി ഇറാൻ പെട്രോളിയം മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അതേസമയം, ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇന്ധന സംഭരണികളെയാണ് തങ്ങൾ തകർത്തതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. ഇറാൻ ഭരണകൂടത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘കൃത്യമായ ആക്രമണം’ നടത്തിയതെന്നും അവർ അവകാശപ്പെട്ടു.
















