പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി മികച്ച വിജയം കൈവരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു. അഖിലേന്ത്യാ നേതൃത്വം പാലക്കാട്ടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ തനിക്ക് ചുമതല നൽകി. ബി.ജെ.പി പാലക്കാട് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് ശോഭ സുരേന്ദ്രനും വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയും തൃശൂരിൽ പത്മജ വേണുഗോപാലും നേമത്ത് രാജീവ് ചന്ദ്രശേഖറും മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ ചുവരെഴുതി പ്രചാരണം തുടങ്ങി.
കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവിൽ മണ്ഡലചിത്രം തെളിഞ്ഞു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയാണ് അനുനയിപ്പിച്ചത്.
















