തിരുവനന്തപുരം നെടുമങ്ങാട്ട് രണ്ട് ബൈക്കുകൾ അതിവേഗത്തിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട രണ്ട് ബൈക്കുകളും നേർക്കുനേർ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ പൂർണ്ണമായും തകർന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കൾക്ക് തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
















