സിനിമാ നടിയും എഴുത്തുകാരിയുമായ ലെനയുടെ പുതിയ പുസ്തകമായ ‘വിമന്‍ ഒ പോസി’ന്‍റെ കവർ പ്രകാശനം ലെനയുടെ ഭർത്താവും ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഫ്ലൈറ്റ് ഇൻസ്ട്രക്ടറും ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ അംഗവുമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ കീർത്തിചക്ര നിർവ്വഹിച്ചു. ഓരോ പുസ്തകത്തിന്‍റേയും വിജയം വായനക്കാരാണെന്നും ഈ ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ ഒരു പുസ്തകം ഒരാൾ കയ്യിലെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലെനയുടെ വ്യക്തിജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർത്തവ ചക്രത്തെ കുറിച്ച് സംസാരിക്കുന്ന പുസ്തകമാണെങ്കിലും സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. അമ്മമാരുണ്ട്, ഭാര്യമാരുണ്ട്, സഹോദരിമാരുണ്ട്, മകളുണ്ട്, അമ്മായമ്മമാരുണ്ട് അങ്ങനെ ഓരോ പുരുഷന്മാരും സ്ത്രീകളുമായി പല വിധത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. ഒരു മറയുമില്ലാതെ എല്ലാവരും തുറന്നുസംസാരിക്കേണ്ട വിഷയമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ അച്ഛനും അമ്മയും ഭർത്താവുമാണ് ഈ പുസ്തത്തിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം എന്ന് ലെന പറഞ്ഞു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകമെന്നും ലെന വ്യക്തമാക്കി. ”ആർത്തവ വിരാമത്തെ കുറിച്ച് പറയുന്നതിനേക്കാള്‍ ആര്‍ത്തവ വിരാമത്തിന് മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്.
35 വയസ്സ് മുതൽ സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരകവും മാനസികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരു കുട്ടിയില്‍ നിന്നും അഡള്‍ട്ടാകുന്ന കാലഘട്ടത്തെ അഡോളസെൻസ് എന്ന് പറയുന്നതുപോലെ സ്ത്രീകളുടെ 35 നും 55 നും ഇടയ്ക്കുള്ള ഈ കാലഘട്ടത്തെ വുമണോസെൻസ് എന്നാണ് ഞാൻ ഈ പുസ്തകത്തിൽ വിളിച്ചിരിക്കുന്നത്. ഈ പദം ഡിക്ഷണറിയില്ല, ഈ പുസ്തകം ഇറങ്ങിയ ശേഷം ഇനി വരുമായിരിക്കും. സ്ത്രീകളുടെ സെക്കൻഡ് അഡോളസെൻസ് എന്ന് ഇതേകുറിച്ച് പറയാം.
















