ഗതാഗത മന്ത്രി ഗണേഷ് കുമാർ തന്നോട് മാപ്പു പറഞ്ഞന്നും വിവാദവുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലെന്നും പുതിയ വെളുപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ആണ് ബിന്ദു മേനോൻ പറഞ്ഞത്.
ഇന്ന് രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും മന്ത്രി പറഞ്ഞതായി ബിന്ദു വെളുപ്പെടുത്തി. തനിക് ഗണേഷ് കുമാർ മാപ്പു പറയണമെന്നേ ഉള്ളു എന്നും തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചത് എന്നും അത് അദ്ദേഹത്തോട് ഇഷ്ടം ഉണ്ടായതുകൊണ്ടാണെന്നും ബിന്ദു മേനോൻ പറഞ്ഞു.
ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷിന്റെ രാജി സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നും ഗണേഷിന്‍റെ രാജി ചോദിച്ച് വാങ്ങുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ വഴിത്തിരിവുണ്ടാക്കുംവിധത്തിൽ മന്ത്രി ക്ഷമാപണം നടത്തിയത്.
















