മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിക്കെതിരെ പരാതിയില്ലെന്നും പ്രശ്‌നം തീർന്നുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ബിന്ദു മേനോനെ ഗണേഷ് കുമാർ വിളിച്ചത് ഇന്ന് രാവിലെയാണ്. താൻ ഭാര്യയോട് മാപ്പ് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു.
അതേസമയം ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
















