ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശമില്ലെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ഇന്ന് തിരുവനന്തപുരത്തു കെ.എസ്.ആർ.ടി.സിയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇത് പരിപാടിയുടെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കെഎസ്ആർടിസിയെ നശിപ്പിക്കാനാണെന്നും താൻ മന്ത്രിസ്ഥാനം വിട്ടുപോയാലും ജീവനക്കാരെല്ലാവരും കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ടുപോകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആർടിസിയ്ക്ക് സ്ഥിരം സിഎംഡിയായി പ്രമോദ് ശങ്കറെ നിയമിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. ജീവനക്കാരുടെ ഡിഎയുടെ കാര്യം മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും സംസാരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ തന്നോടൊപ്പം നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
















