കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിൽ പതിപ്പിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ യുറ്റ്യൂബ് വീഡിയോയിലേക്ക് റീഡയറക്ട് ആയ സംഭവത്തിന് വിശദീകരണവുമായി സി.ബി.എസ്.ഇ ഔദ്യോഗിക വാർത്താക്കുറിപ്പ് .
പരീക്ഷയ്ക്ക് ഉപയോഗിച്ച ചോദ്യപേപ്പറുകൾ പൂർണമായും ആധികാരികമാണെന്നും, പരീക്ഷയുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ബോർഡ് വിശദീകരിച്ചു. ചില സെറ്റ് ചോദ്യപേപ്പറുകളിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ യുറ്റ്യൂബ് വീഡിയോയിലേക്ക് പോയ കാര്യം ബോർഡ് ഗൗരവമായി കാണുന്നുണ്ടെന്നും ഇനി ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിൽ പതിപ്പിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ ബ്രിട്ടീഷ് ഗായകൻ റിക്ക് ആസ്‌ലിയുടെ നെവർ ഗോന്ന ഗിവ് യു അപ്പ് എന്ന പ്രശസ്തമായ പാട്ടിലേക്കാണ് ലിങ്ക് പോയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും പരീക്ഷയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ആണ് ബോർഡ് എത്തിയത്.
















