കോഴിക്കോട്-മലപ്പുറം റോഡിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു മൂന്നു പേർക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് സ്വദേശിയായ കാർ ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
ഇന്ന് രാവിലെ കോഴിക്കോട്-മലപ്പുറം റോഡിൽ മൊറയൂരിലാണ് അപകടം സംഭവിച്ചത്. കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകട സമയത്തു കാറിനുള്ളിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെയും ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല.
മറ്റു രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















