സിനിമാ ലോകത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആണ് സോന ഹെയ്ഡൻ. ഇപ്പോഴിതാ തമിഴിലെ പ്രമുഖ ഹാസ്യനടൻ വടിവേലുവിനെക്കുറിച്ച് നടി നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. വടിവേലുവിനൊപ്പമുള്ള അഭിനയ ജീവിതം ദുസ്സഹമായിരുന്നുവെന്നും സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹത്തോടൊപ്പമുള്ള ഒട്ടനവധി സിനിമകൾ താൻ ബോധപൂർവം വേണ്ടെന്നുവെച്ചെന്നുമാണ് സോന വെളിപ്പെടുത്തിയത്.
‘കുസേലൻ’ എന്ന ചിത്രത്തിൽ വടിവേലുവിന്റെ ഭാര്യയായി അഭിനയിച്ചതിന് ശേഷം തനിക്ക് വലിയ ജനപ്രീതി ലഭിച്ചെങ്കിലും, ആ അനുഭവത്തിന് ശേഷം അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സോന പറയുന്നു. ലാഭകരമായ 16-ഓളം സിനിമകളിൽ വടിവേലുവിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം സഹിക്കാൻ കഴിയാത്തതുകൊണ്ടും ആത്മാഭിമാനം പണയപ്പെടുത്താൻ തയാറല്ലാത്തതുകൊണ്ടും ആ വലിയ അവസരങ്ങളെല്ലാം താൻ നിരസിച്ചു. അദ്ദേഹത്തെ കൈകാര്യം ചെയ്യുക എന്നത് ആർക്കും എളുപ്പമുള്ള കാര്യമല്ലെന്നും ചില കാര്യങ്ങൾ പൊതുവേദിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും നടി കൂട്ടിച്ചേർത്തു. സിനിമാ വ്യവസായത്തിലെ മോശം അനുഭവങ്ങൾ തന്നെ കരിയർ ഉപേക്ഷിക്കാൻ പോലും പ്രേരിപ്പിച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
‘‘ഒരു ഘട്ടത്തിൽ അഭിനയ ജീവിതം പൂർണമായും ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇൻഡസ്ട്രിയിലെ സാഹചര്യം ആരെയും വിശ്വസിക്കാൻ കൊള്ളാത്ത രീതിയിലുള്ളതാണ്. പലരിൽ നിന്നും എനിക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എനിക്കത് ഇനി സഹിക്കാൻ കഴിയില്ലായിരുന്നു; അതുകൊണ്ടാണ് ഞാൻ സിനിമാ മേഖലയിൽ നിന്ന് അകലം പാലിച്ചത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ മാത്രം 16-ലധികം അവസരങ്ങൾ എനിക്ക് ലഭിച്ചു, പക്ഷേ അവയെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്; ഒരാൾക്കും അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. ചില കാര്യങ്ങൾ എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മാഭിമാനമാണ് ഏറ്റവും പ്രധാനം.’’– സോന പറയുന്നു.
തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ടായി വടിവേലു വാണിരുന്ന കാലത്ത് അദ്ദേഹമില്ലാത്ത സിനിമകൾ കുറവായിരുന്നു. എന്നാൽ ഓഫ് സ്‌ക്രീനിൽ സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മുമ്പും പല വിവാദങ്ങളും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം കരിയറിൽ ചെറിയ തിരിച്ചടികൾ നേരിട്ട താരം ഇപ്പോൾ മാരീസൻ പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകാൻ ശ്രമിക്കുകയാണ്. അജിത് നായകനായ ‘പൂവെല്ലാം ഉൻ വാസം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സോന, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവമായിരുന്നു. അഭിനയത്തിന് പുറമെ ‘കനിമൊഴി’ എന്ന ചിത്രം നിർമ്മിച്ച് കൊണ്ട് നിർമാണ രംഗത്തും സോന തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കാസ്റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ ഇരുണ്ട വശങ്ങളെക്കുറിച്ച് മുമ്പും സോന തുറന്നുപറഞ്ഞിട്ടുണ്ട്. ആത്മാഭിമാനത്തിന് പ്രാധാന്യം നൽകിയത് കൊണ്ടാണ് താൻ സിനിമയിൽ നിന്ന് ഇടക്കാലത്ത് വിട്ടുനിന്നതെന്നും താരം വ്യക്തമാക്കുന്നു. സോനയുടെ ഈ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെയും തൊഴിലിടങ്ങളിലെ മര്യാദകളെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
















