കാസർകോട് നീലേശ്വരത്ത് രണ്ടു ക്ഷേത്രങ്ങളിൽ നടന്ന കവർച്ച കേസിലെ പ്രതികൾ പിടിയിൽ. തൃശൂർ ആമ്പല്ലൂർ സ്വദേശി ഷിബു റാഫേൽ, കണ്ണൂർ മട്ടന്നൂർ സ്വദേശി അബ്ദുൾ ജലീൽ എന്നിവരാണ് തമിഴ്നാട് ഏർവാടിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 21 രാത്രി 7.30-നും 22 പുലർച്ചെ 5.45-നും ഇടയിലുള്ള സമയത്താണ് പ്രതികൾ രണ്ടു ക്ഷേത്രങ്ങളിൽ നിന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണമടക്കം ഏകദേശം 25,500 രൂപയോളം ആണ് കവർന്നത്.
മോഷണം ശേഷം ഇരുവരും ഒളിവിൽ ആയിരുന്നു. നീലേശ്വരം പോലീസ് ആണ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചത്. പ്രതികൾ തമിഴ്‌നാട്ടിലെ ഏർവാടിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം അവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
















