വിദേശത്തുള്ള പ്രതിശ്രുതവരനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ കേസ് എടുത്തു പോലീസ്. ഫാർമസിസ്റ്റായി കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിയാണ് തന്നെ തട്ടിക്കൊണ്ടുപോയെന്നു കള്ളക്കഥ പോലീസിൽ പറഞ്ഞത്. പൊലീസ് അന്വേഷണം വഴിതെറ്റിക്കാൻ വ്യാജ വിവരം നൽകിയെന്ന വകുപ്പിലാണ് യുവതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.
ബുധനാഴ്ച രാത്രിയിൽ ആണ് സംഭവം നടന്നത്. യുവതിയും വിദേശത്തുള്ള യുവാവും വിവാഹനിശ്ചയം കഴിഞ്ഞവരാണ്. എന്നാൽ യുവതി നാട്ടിലുള്ള ഒരാളുമായും അടുപ്പത്തിലാണ്. ജോലി കഴിഞ്ഞ് യുവതി മടങ്ങവേ നാട്ടിലെ കാമുകനെ കാണാൻ പോയി. ഈ സമയത്തു പ്രതിശ്രുത വരൻ ഫോണിൽ വിളിക്കുകയും കാമുകൻ അത് ആരാണ് ചോദിക്കുകയും ചെയ്തു. നാട്ടിലെ കാമുകന്റെ സൗണ്ട് പ്രതിശ്രുത വരാനും കേട്ട്. തുടർന്ന്, താൻ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാൽ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു.
യുവതി തന്റെ പെൺസുഹൃത്തിനെക്കൊണ്ട് പൊലീസ് കൺട്രോൾ റൂം നമ്പറായ 112ൽ വിളിപ്പിച്ചു യുവതിയെ തട്ടികൊണ്ടുപോയ കാര്യം അറിയിച്ചു. ആദ്യം ചേരാനെല്ലൂർ പൊലീസിനാണ് കൺട്രോൾ റൂമിൽനിന്ന് വിവരം കൈമാറിയത്. എന്നാൽ എളമക്കര പരിധിയിലായതിനാൽ അന്വേഷണം എളമക്കര പൊലീസിന് കൈമാറുകയായിരുന്നു.
വൈകിട്ട് ആറരയോടെ മീൻചിറ റോഡിലുള്ള വീട്ടിലേക്കു പോകുമ്പോൾ റെയിൽവെ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന വെളുത്ത കാറിലേക്ക് തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നായിരുന്നു യുവതി പൊലീസിന് മൊഴി നൽകിയത്. കാറിൽ വെച്ച് യുവതിയെ ഉപദ്രവിക്കുകയും ചെയ്‌തെന്നും മൊഴി നൽകി. പോലീസ് യുവതിയുടെ പരാതിയിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാർ കണ്ടെത്താനായില്ല. എന്നാൽ ഒരു യുവാവിനൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.
തുടർന്ന് ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതിശ്രുതവരനെ കബളിപ്പിക്കാനായി തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞതാന്ന് യുവതി സമ്മതിച്ചു. യുവതിക്കെതിരെ പോലീസ് കേസ് എടുത്തേക്കിലും ഇപ്പോൾ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്.
















