പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഹിറ്റ് കോംബോ ആണ് മോഹൻലാൽ- പ്രിയദര്‍ശന്‍ ചിത്രങ്ങൾ. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വിജയം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ നൂറാമത്തെ ചിത്രത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദര്‍ശന്‍. വെറൈറ്റി ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ച മോഹൻലാലിനൊപ്പം തന്റെ കരിയറിലെ നാഴികക്കല്ലായ ഈ ചിത്രം നിർമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
“അത് മോഹന്‍ലാലിനൊപ്പമാണ്. എന്‍റെ ആദ്യ സിനിമയിലെ നായകനാണ് എന്‍റെ നൂറാമത്തെ സിനിമയും ചെയ്യുന്നത്. അത് ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ദൈവം സഹായിച്ചാല്‍ അത് നടക്കട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു കോമഡി സിനിമ ആയിരിക്കില്ല. അത് ഞാനിപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല.
പക്ഷേ അത് സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു.”, -പ്രിയദര്‍ശന്‍ പറഞ്ഞു. 2027 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ അത് സംഭവിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് പ്രിയദര്‍ശന്‍ കൂട്ടിച്ചേർത്തു. പ്രിയദർശന്റെ ഈ വാക്കുകൾ തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ബോക്സിങ് പശ്ചാത്തലമായി ഒരുങ്ങുന്ന ഒരു സ്പോർട്സ് ഡ്രാമയ്ക്ക് വേണ്ടി മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്നുവെന്ന തരത്തിൽ 2021 ൽ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഇരുവരും ഒന്നിച്ചെത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയറ്ററിൽ പരാജയപ്പെട്ടതോടെ മറ്റൊരു മോഹൻലാൽ ചിത്രം ഉടൻ പ്ലാൻ ചെയ്യുന്നില്ലെന്നും പ്രിയദർശൻ പ്രതികരിച്ചിരുന്നു. അതേസമയം രണ്ട് സിനിമകളാണ് പ്രിയദർശന്റേതായി റിലീസിനൊരുങ്ങുന്നത്. ഭൂത് ബംഗ്ലാ, ഹായ്‍വാൻ എന്നിവയാണ് അവ. ഏപ്രിൽ 10 ന് ഭൂത് ബംഗ്ലാ തിയറ്ററുകളിലെത്തും.
















