കൊച്ചിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. പിറവം ഓണക്കൂർ പള്ളിപ്പുറത്ത് കുന്നേൽ ശ്രീനിവാസനെയാണ് (46) പോലീസ് പിടികൂടിയത്. സംഭവത്തിൽ യുവതി കൈക്ക് പൊട്ടലേറ്റു സ്വകര്യ ആശുപത്രിയിൽ ചകികിത്സയിലാണ്.
ഇക്കഴിഞ്ഞ 10ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ കാന്‍റീൻ ജീവനക്കാരിയായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ശ്രീനിവാസൻ ബൈക്കുമായി വന്ന് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിക്ക് കൈക്കും കാലിനും പരിക്കേറ്റു.
യുവതിയെ ആദ്യം പിറവം താലൂക്ക് ആശുപത്രിയിൽ ആണ് കൊണ്ടുപോയത് എന്നാൽ കൈക്ക് പൊട്ടലേറ്റതിനാൽ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
















