എറണാകുളം പെരുമ്പാവൂരിൽ പുലർച്ചെ വീടിന് മുകളിൽ പഠിച്ചുകൊണ്ടിരുന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾ ഉപദ്രവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി എറണാകുളം ഗവണ്മെന്റ് കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ വെങ്ങോല പൂനൂരിൽ വെച്ചാണ് സംഭവം നടക്കുന്നത്. പരീക്ഷയായതിനാൽ പുലർച്ചെ മുകൾ നിലയിലെ മുറിയിൽ ഇരുന്നു പഠിക്കുകയായിരുന്നു പതിനാറുകാരി. ഈ സമയമാണ് മുറിക്കുപുറത്തു വെച്ച് ആക്രമണം ഉണ്ടാകുന്നത്. ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിക്കുകയും മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്താണ് ആക്രമിച്ചിരിക്കുന്നത്.
ആക്രമണത്തിൽ വിദ്യാർത്ഥി മുകളിലത്തെ നിലയിൽ നിന്ന് മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ തലക്ക് പിന്നിൽ ഗുരുതര പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. കുട്ടി മുകളിൽ നിന്ന് വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നത്. ഉടൻ തന്നെ കുട്ടിയെ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു.
സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടി ഇപ്പോൾ അബോധാവസ്ഥയിലാണ്. കുട്ടിക്ക് ഇടയ്ക്കിടെ ബോധം മറയുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. സമീപത്തെ വീടുകളിൽ ഉള്ളവർ രാവിലെയാണ് സംഭവം അറിയുന്നത്.
















