പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി കേരളത്തെയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്. വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം നേരിടുന്നതിനാൽ സംസ്ഥാനത്തെ ഹോട്ടലുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. കേരളം നേരിടുന്ന ഈ പ്രതിസന്ധിയെ കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവച്ച കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘ഗ്യാസ്’ പോയത് നമ്മടെയാ. യുദ്ധം പശ്ചിമേഷ്യേലാണേലും. (യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല….), മീനാക്ഷി പറയുന്നു. വിഷയത്തിൽ മീനാക്ഷിയെ അനുകൂലിച്ചും വിമർശിച്ചും ആളുകളെത്തി.
താരത്തെ പരിഹസിച്ചെത്തുന്നവര്‍ക്ക് മീനാക്ഷി മറുപടിയും നല്‍കുന്നുണ്ട്. ‘വന്നു ചെറിയ വായില്‍ വലിയ വര്‍ത്താനം, ഒന്ന് പോടി ഇതൊക്കെ ഞങ്ങളും ന്യൂസില്‍ കാണുന്നുണ്ട്. അല്ലാതെ നീ ഇറാനില്‍ നേരിട്ട് എടുത്ത വാര്‍ത്ത അല്ലല്ലോ. വേറെ വല്ല കഴിവും ഉണ്ടേല്‍ കാണിക്കൂ, ഡാന്‍സോ പാട്ടോ അല്ലാതെ ചുമ്മാ ബുദ്ധിജീവി ചമയണ്ട’എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മീനാക്ഷി നല്‍കിയ മറുപടി ‘ശരി പണ്ഡിതാ’ എന്ന് മാത്രമാണ്.
ഒരു യുദ്ധം വന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം എല്ലായിടത്തും ഉണ്ടാകും സ്വാഭാവികം അപ്പഴും അവള്‍ക്ക് അവളുടെ ഗ്യാസ്. നിന്റെ അപ്പനപൂപ്പന്‍മാര്‍ ഗ്യാസിലാണോ ജീവിച്ചേ. ഒന്ന് പെടക്കാതെ കൊച്ചേ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനുള്ള മീനാക്ഷിയുടെ മറുപടി ‘ഗ്യാസ് ട്രബിള്‍ ഉള്ള കാര്യം അറിഞ്ഞില്ല ക്ഷമി’ എന്നായിരുന്നു.
മൈത്രേയനെ വിളിച്ചു ചോദിക്കെന്ന കമന്റിനും മറുപടി നൽകി, ‘‘ചോദിച്ചാരുന്നു… യുദ്ധം മനുഷ്യർക്കാവശ്യമില്ല … യുദ്ധത്തിന് മുടക്കുന്ന പണം മാനവശാരിയുടെ ഉന്നമനത്തിനായി മുടക്കുന്ന ആധുനിക ലോകമാണ് വേണ്ടത് എന്ന് നിങ്ങളോടൊക്കെ പറയാനും പറഞ്ഞു .. പിന്നെ പറഞ്ഞാലും മനസ്സിലാകാനും സാധ്യതയില്ല എന്നു കൂടി പറഞ്ഞു …അതാണെന്നെ കൂടുതൽ വിഷമിപ്പിച്ചത്.’’
വിമർശനങ്ങൾ കടുത്തതോടെ ഈ തന്റെ നിലപാടും മീനാക്ഷി തുറന്നു പറഞ്ഞു. ‘‘യുദ്ധം അതിൽ നേരിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല നിഷ്പക്ഷമായി നിൽക്കുന്ന രാജ്യങ്ങളെപ്പോലും പെട്ടെന്ന് ബാധിക്കും. അതായത് യുദ്ധാവസ്ഥ ലോകം മുഴുവൻ മോശമാക്കുന്നു… എന്നാണ് ഞാൻ അർഥമാക്കിയിട്ടുള്ളത് … ഞാൻ എന്റെ രാജ്യത്തിന്റെ കൂടെ അടിയുറച്ച് നില്ക്കുന്ന ഒരാളാണ് എന്നു കൂടി സൂചിപ്പിക്കട്ടെ .. ഈയവസ്ഥയ്ക്ക് ഇന്ത്യയോ ഇന്ത്യയിലെ ഭരണാധികാരികളോ യാതൊരു വിധത്തിലും കാരണക്കാരണ് എന്നൊരർഥവും കൽപ്പിക്കേണ്ടതുമില്ല.’’
ഇതിനിടെ മീനാക്ഷി പങ്കുവച്ചത് പുതിയ സിലിണ്ടറിന്റെ ചിത്രമാണെന്നും ഇങ്ങനെയൊരു പോസ്റ്റ് പങ്കുവയ്ക്കുമ്പോൾ കാലിക്കുറ്റിയെങ്കിലും ഉപയോഗിക്കാമായിരുന്നുവെന്നും വിമർശനം ഉണ്ടായി.
‘‘മിസ്റ്റർ അനൂപ്, മകളെ എത്രയും വേഗം നല്ലൊരു മന:ശാസ്ത്രജ്ഞനെ കാണിക്കുക. കുട്ടിയുടെ കിളി പോയിക്കിടക്കുകയാണോ എന്നൊരു സംശയം. ഒന്നാമത് ആ കൊച്ചിൻ്റെ കയ്യിലിരിക്കുന്നത് നിറച്ച കുറ്റിയാണ്. രണ്ടാമത്തെ കാര്യം നിങ്ങൾ ഒന്നിലധികം ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാവും .
സീൽ പൊട്ടിക്കാത്ത കുറ്റി ആ കൊച്ചിന്റെ കയ്യിലിരിക്കുന്നു, എങ്കിൽ മറ്റൊരെണ്ണം സ്റ്റൗവുമായി കണക്ട് ആയിരിക്കുമല്ലോ ? നിങ്ങളുടെ ആഡംബരവും അതി സൗകര്യങ്ങളുമൊക്കെ പ്രദർശിപ്പിച്ച് ഒരു കുറ്റി മാത്രമുള്ള ബഹുഭൂരിപക്ഷം സാധാരണക്കാരെയും പരിഹസിക്കാതിരിക്കുക.’’–ഒരു വിമർശകന്റെ കമന്റ്.
















