ഹൊറർ കോമഡി എന്റർടെയ്നർ ‘പ്രകമ്പനം’ ഒടിടിയിൽ എത്തി. വിജേഷ് പാണത്തൂർ ഒരുക്കിയ ‘പ്രകമ്പനം’ മാർച്ച് 14 മുതൽ സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചത്. ഹോസ്റ്റൽ പശ്ചാത്തലമാക്കി ഒരുക്കിയ ഹൊറർ കോമഡി എന്റർടെയ്നർ തിയറ്ററിലും വൻ വിജയമായിരുന്നു. ഗണപതി, സാഗർ സൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ ജനുവരി 30നാണ് തിയറ്ററുകളിൽ എത്തിയത്.
ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് സമ്മാനിക്കുന്ന വ്യത്യസ്തമായ സിനിമാറ്റിക് അനുഭവമാണ് ‘പ്രകമ്പനം’.
‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേതാണ്. നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിലുണ്ട്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, ഛായാഗ്രഹണം: ആൽബി ആന്റണി.എഡിറ്റിങ്: സൂരജ് ഇ. എസ്,ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ.
















