രാജ്യത്തുടനീളം പെട്രോൾ പമ്പുകളിൽ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്ന് കേന്ദ്രസർക്കാർ. അനാവശ്യമായി ഇന്ധനം ശേഖരിക്കുകയോ പാത്രങ്ങളിൽ സംഭരിക്കുകയോ ചെയ്യരുതെന്ന് പെട്രോളിയം മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു.
പാത്രങ്ങളിൽ പെട്രോളും ഡീസലും ശേഖരിക്കുന്നത് അപകടങ്ങൾക്ക് കാരണമായേക്കാമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ റീട്ടെയിൽ ഔട്‌ലെറ്റുകൾക്ക് സർക്കാർ നിർദേശം നൽകി.
ഏതെങ്കിലും തരത്തിൽ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും അറിയിച്ചു. അതിനിടെ തമിഴ്നാട്ടിലെ ഒരു പമ്പിൽ കണ്ടയ്നറിൽ പെട്രോൾ നൽകിയെന്നും ഇത് സുരക്ഷിതവും ഉചിതവുമല്ലെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
പിന്നാലെ പമ്പിന്റെ ലൈസൻസ് റദ്ദ് ചെയ്തു. പമ്പിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാർ അറിയിച്ചു.
















