പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് കടക്കവേ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ നിർണായക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറാൻ. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉടമസ്ഥതയിലുള്ള കപ്പലുകൾക്കും ടാങ്കറുകൾക്കും ഈ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി.
എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അരാഗ്‌ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് നിലവിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണെന്നും എന്നാൽ തങ്ങളെ നേരിട്ട് ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് നിയന്ത്രണം ബാധകമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ചരക്ക് നീക്കത്തെ ഇത് ബാധിക്കില്ലെന്നും സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















