ഉറക്കത്തിന് മനുഷ്യന്റെ ആരോഗ്യത്തിൽ വലിയ സ്ഥാനമുണ്ട്. മറ്റ് കാര്യങ്ങൾക്കിടെ ഉറക്കത്തെ ത്യജിക്കുന്നവരാണോ നിങ്ങൾ? എന്നാൽ കേട്ടോളൂ, നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. ഉറങ്ങാന്‍ 5, 6 മണിക്കൂര്‍ മതി എന്ന് കരുതുന്നവരും അറിഞ്ഞിരിക്കണം ഇനി പറയുന്ന കാര്യങ്ങൾ.
കുറഞ്ഞ സമയം ഉറങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ജോലിയുടെ സമയവും ജീവിത സമ്മര്‍ദ്ദങ്ങളുമൊക്കെ പലരുടെയും ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. തുടര്‍ച്ചയായി രണ്ട് ആഴ്ചക്കാലം രാത്രിയില്‍ 6 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത് എങ്കിൽ ബുദ്ധിശക്തിയേയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും അത് ബാധിക്കും. ഇവരുടെ തലച്ചോറ് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഉറങ്ങാതിരിക്കുന്ന ഒരാളുടെ തലച്ചോറിന് സമാനമാണെന്ന് ഉറക്കവുമായി ബന്ധപ്പെട്ട് നടത്തിയ പല പഠനങ്ങള്‍ പറയുന്നു.
ഉറക്കം കുറഞ്ഞാൽ ശ്രദ്ധയ്ക്കും പണികിട്ടും. എന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ഈ ഉറക്കക്കുറവ് കുറയ്ക്കും. തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇങ്ങനെ വരുമ്പോൾ ഉന്മേഷത്തോടെയിരിക്കാന്‍ കഴിയാതെ ആവുന്നു.
തലച്ചോറിന്റെ പ്രതികരണശേഷിയെയും തുടര്‍ച്ചയായ ഉറക്കക്കുറവ് വളരെയധികം ബാധിക്കും. പെട്ടെന്ന് ആക്ഷന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍, അതായത് വാഹനം ഓടിക്കുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന സാഹചര്യങ്ങളില്‍ അത് തടസ്സപ്പെടാനിടയാക്കും.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉറക്കക്കുറവ് മന്ദഗതിയിലാക്കും. കൂടാതെ ചിന്തകളെയും പ്രവര്‍ത്തിയേയും തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തെയും ബാധിക്കും. ദേഷ്യം, ഉത്കണ്ഠ, സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവയ്ക്കും കാരണമാകും.
ഉറക്കക്കുറവ് ഹ്രസ്വകാല ഓര്‍മ്മകള്‍ സൂക്ഷിക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്യാനുമുള്ള തലച്ചോറിന്റെ കഴിവിനെ നശിപ്പിക്കുന്നു. ഇത് വ്യക്തിജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.
















