മീൻപിടിത്തത്തിന്റെ മറവിൽ നടന്ന വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും ലഹരിമരുന്ന് എത്തിച്ചുനൽകിയ മുഖ്യസൂത്രധാരനുമായ വലപ്പാട് പണിക്കവീട്ടിൽ മുഹമ്മദ് ഷെജി (30) പോലീസിന്റെ വലയിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായി പിടികൂടിയത്.
മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന നടത്തിവന്ന ഒന്നാം പ്രതി വിഷ്ണുവിനെ കഴിഞ്ഞ ഒമ്പതാം തീയതിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 6.650 കിലോ ഗ്രാം ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്, വില്പനയ്ക്കുള്ള ലഹരിവസ്തുക്കൾ എത്തിച്ചുനൽകിയത് മുഹമ്മദ് ഷെജിയാണെന്ന വിവരം പുറത്തുവരുന്നത്. വിഷ്ണു അറസ്റ്റിലായതോടെ ഒളിവിൽ പോയ ഷെജിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിവിധ സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ ഊർജ്ജിതമാക്കുകയുമായിരുന്നു.
















