ജിമ്മിൽ പോകുന്നവരുടെയും ഡയറ്റ് ചെയ്യുന്നവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് പ്രോട്ടീൻ ബാറുകൾ. എന്നാൽ അമിതമായി സംസ്കരിച്ച പ്രോട്ടീൻ ബാറുകൾക്ക് പകരം പാർമസൻ ചീസ് ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണെന്നാണ് പുതിയ പഠനങ്ങളും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കൃത്രിമ മധുരമോ പ്രിസർവേറ്റീവുകളോ ഇല്ലാതെ പ്രകൃതിദത്തമായി പ്രോട്ടീൻ നൽകാൻ ഈ ചീസിന് സാധിക്കുന്നു.
സാധാരണയായി 100 ഗ്രാം പാർമസൻ ചീസിൽ ഏകദേശം 35.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ചിക്കൻ, മുട്ട എന്നിവയേക്കാൾ ഉയർന്ന അളവാണ്. ഇതിൽ ‘സീഡ് ഓയിലുകൾ’ അടങ്ങിയിട്ടില്ല എന്നതും പഞ്ചസാരയുടെ അളവ് പൂജ്യമാണെന്നതും ഇതിനെ ഒരു മികച്ച സ്നാക്ക് ആക്കി മാറ്റുന്നു. പ്രോട്ടീൻ ബാറുകളിൽ പലപ്പോഴും കാണപ്പെടുന്ന കൃത്രിമ ചേരുവകൾ ഇതിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.
പ്രോട്ടീന് പുറമെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ കലവറ കൂടിയാണിത്. ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങളും ഇതിനുണ്ട്. പാലും ഉപ്പും മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ഒന്നായതിനാൽ ലളിതവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണിത്. എങ്കിലും, ഇതിൽ ഉപ്പിന്റെ അളവ് കൂടുതലായതിനാൽ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
















