റിലീസ് ചെയ്ത് ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ഹോളിവുഡ് സിനിമയായ ‘സ്ലംഡോഗ് മില്യനയർ’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും തനിക്ക് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അനിൽ കപൂർ. ഇന്ത്യ ടുഡേ കോൺക്ലേവ് 2026-ൽ സംസാരിക്കവെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം പോലും ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും 3,000 പൗണ്ടിന്റെ (ഏകദേശം 3 ലക്ഷത്തിലധികം രൂപ) ചെക്ക് തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം പുറത്തിറങ്ങി 18 വർഷങ്ങൾ കഴിഞ്ഞിട്ടും തനിക്ക് കൃത്യമായി റോയൽറ്റി തുക ലഭിക്കുന്നുണ്ടെന്ന് അനിൽ കപൂർ വ്യക്തമാക്കി.
‘‘ഇതൊരു വൈകാരികമായ നിമിഷമാണ്. ഇന്നലെയും എനിക്ക് സ്ലംഡോഗ് മില്യണയറിന് വേണ്ടി ഒരു പേയ്മെന്റ് ലഭിച്ചു. മൊത്തത്തിൽ ഏകദേശം അഞ്ച് ലക്ഷം പൗണ്ട് എനിക്ക് ലഭിക്കാൻ പോകുന്നുണ്ട്. അതുകൊണ്ട് ഞാൻ സത്യത്തിൽ ഒരു മില്യനയറാണ്. ഞാൻ ഇത് ആവശ്യപ്പെട്ടതല്ല, അവർ സ്വയം തരുന്നതാണ്. കൃത്യമായി നികുതി അടയ്ക്കുന്ന വ്യക്തിയായതുകൊണ്ടു ഇത് തുറന്നുപറയുന്നതിൽ പേടിയില്ല. സിനിമയുടെ കരാർ ഒപ്പിടുന്ന സമയത്ത് തന്റെ സാധാരണ പ്രതിഫലം നൽകാൻ നിർമാതാക്കൾക്ക് കഴിയില്ലെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ പണത്തിന് മുൻഗണന നൽകാതെ, പുതിയ കാര്യങ്ങൾ പഠിക്കാനും അനുഭവം നേടാനുമാണ് ആ ചിത്രം ചെയ്യാൻ തീരുമാനിച്ചത്. ’’– അനിൽ കപൂർ പറയുന്നു.
ഹോളിവുഡ് നിർമ്മാണ കമ്പനികൾ പിന്തുടരുന്ന ‘റോയൽറ്റി’ അല്ലെങ്കിൽ ‘റെസിഡ്യുവൽസ്’ എന്ന കൃത്യമായ നിയമവ്യവസ്ഥയാണ് ഇത്രയും കാലത്തിന് ശേഷവും താരത്തിന് പണം ലഭിക്കാൻ കാരണം. സിനിമ റിലീസ് ചെയ്ത് എത്ര വർഷം കഴിഞ്ഞാലും, കരാർ പ്രകാരം ലാഭത്തിന്റെ നിശ്ചിത ശതമാനം പ്രധാന അഭിനേതാക്കൾക്ക് നൽകാൻ അവർ ബാധ്യസ്ഥരാണ്. ലോകമെമ്പാടുമുള്ള വിവിധ ടിവി ചാനലുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, വിമാനങ്ങളിലെ വിനോദ പരിപാടികൾ എന്നിവയിൽ ചിത്രം പ്രദർശിപ്പിക്കപ്പെടുമ്പോഴെല്ലാം അതിന്റെ ലാഭവിഹിതം ഇത്തരത്തിൽ കരാറിലേർപ്പെട്ട താരങ്ങൾക്ക് ലഭിക്കും.
വികാസ് സ്വരൂപിന്റെ ‘ക്യു ആൻഡ് എ’ എന്ന നോവലിനെ ആസ്പദമാക്കി ഡാനി ബോയൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സ്ലംഡോഗ് മില്യനയർ’. മുംബൈയിലെ ചേരികളിൽ നിന്ന് വന്ന് ‘കൗൺ ബനേഗ ക്രോർപതി’ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ജമാൽ മാലിക് (ദേവ് പട്ടേൽ) എന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രം 2009-ലെ ഓസ്കറിൽ എട്ട് പുരസ്കാരങ്ങൾ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ അവതാരകനായ പ്രേം കുമാർ എന്ന കഥാപാത്രത്തെയാണ് അനിൽ കപൂർ അവതരിപ്പിച്ചത്. നിലവിൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യുന്ന ‘സുബേദാർ’ എന്ന ചിത്രത്തിലാണ് അനിൽ കപൂർ അവസാനമായി അഭിനയിച്ചത്.
















