നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം മുറുകുന്നു. കണ്ണൂർ സീറ്റിനായി കടുംപിടിത്തം തുടരുന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് പ്രതിനിധിയായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരിട്ടെത്തി. ഇന്നലെ രാത്രി സുധാകരൻ്റെ ഫ്ലാറ്റിലെത്തിയ വേണുഗോപാൽ മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും, മത്സരരംഗത്തുണ്ടാകുമെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്.
രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. നിലവിൽ എംപി സ്ഥാനത്തുള്ളവർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നയമാണ് സുധാകരന് തിരിച്ചടിയാകുന്നത്. എന്നാൽ, താൻ മത്സരിക്കണമെന്ന അണികളുടെ വികാരം തള്ളിക്കളയാനാവില്ലെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്ന് കെ.സി. വേണുഗോപാൽ അഭ്യർത്ഥിച്ചെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല. ഇന്ന് മാധ്യമങ്ങളെ കണ്ട് അദ്ദേഹം തൻ്റെ അന്തിമ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
















