മൂന്നു ജയരാജന്‍മാരെയും തെരഞ്ഞെടുപ്പില്‍ നിന്നും സീറ്റു നല്‍കാതെ തഴഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. പരസ്യമായി ചിരിക്കുന്നുണ്ടെങ്കിലും രഹസ്യമായി കരയുകയാണ് ഓരോരുത്തരും. ഇനിയും അഞ്ചുവര്‍ഷം കാത്തിരിക്കണം ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്. പിണറായി വിജയനാണെങ്കില്‍ ഈ ടേമും കൂടി കഴിഞ്ഞാല്‍ കേരള ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായി ഇരുന്നതിന്റെ റെക്കോര്‍ഡും കൊണ്ടാണ് പോകുന്നത്. അപ്പോഴും കണ്ണൂരിലെ തലമുതിര്‍ന്ന ജയരാജന്‍മാര്‍ക്ക് ഒന്നും കിട്ടാത്ത സ്ഥിയായിരിക്കുന്നു. ഇപി. ജയരാജന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നുള്ള സോഷ്യല്‍ മീഡിയ ക്യാംമ്പെയിന് ശക്തമായി നടക്കുമ്പോഴാണ് പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് നാമനിര്‍ദ്ദേശ പത്രിക കൊടുക്കാന്‍ ഇന്ന് ജയരാജനും എത്തിയത്.
മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയും ഒപ്പമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും ഉണ്ടായിരുന്നു. എന്നാല്‍, ഇപി. ജയരാജന്‍ പുറകിലാണ് ഇരിപ്പിടം ഉറപ്പിച്ചത്. പി. ശശി മുഖ്യമന്ത്രിക്കൊപ്പവും. ഇതു തന്നെ വലിയ രാഷ്ട്രീയ മാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ ഇ.പി. ജയരാജന്‍ ഫ്‌ളൈറ്റില്‍ വെച്ച് യൂത്തു കോണ്‍ഗ്രസ്‌കാരുമായി കൈയ്യാങ്കളി നടത്തിയതും മറക്കാറായിട്ടില്ല. എന്നാല്‍, പാര്‍ട്ടിയുടെ ലിസ്റ്റില്‍ ഇപി. ജയരാജന്റെ പേര് മങ്ങിത്തുടങ്ങിയത്, ബി.ജെ.പി നേതാവിനെ വീട്ടില്‍ വിളിച്ചതോടെയാണ്. കട്ടന്‍ചായയും പരിപ്പുരവടയും തൊട്ടു പിന്നാലെ നിറം കെടുത്തി. എന്നാല്‍, പി. ശശിക്ക് സീറ്റു നല്‍കാതിരുന്നതില്‍ എന്തു കളിയാണ് പാര്‍ട്ടിക്കകത്ത് നടന്നതെന്നതില്‍ ഇപ്പോഴും വ്യക്തതവന്നിട്ടില്ല. തലശ്ശേരിയില്‍ നിന്നും നിയമസഭയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് സീറ്റ് നിഷേധിച്ചത് അണികളുടെ മാത്രമല്ല നേതാക്കളുടെയും എതിര്‍പ്പ് ഭയന്നാണെന്നാണ് സൂചന.
ശശി മത്സരിച്ചാല്‍ അത് 140 മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ സാധ്യതയെ ബാധിക്കുമെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ നല്‍കിയതോടെയാണ് അവസാന നിമിഷം ശശിയുടെ പേര് വെട്ടിപോയിരിക്കുന്നത്. ശശിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ കൈവിടുകയാണ് ഉണ്ടായത്. പി ശശി തലശ്ശേരിയില്‍ നിന്നും മത്സരിക്കുമെന്നും, ഇടതുപക്ഷത്തിന് മൂന്നാമതും ഊഴം ലഭിച്ചാല്‍ ആഭ്യന്തര മന്ത്രിയാകുമെന്നുമുള്ള അഭ്യൂഹം ശശിയുടെ അനുകൂലികളായ ചിലരാണ് പടച്ച് വീട്ടിരുന്നത്. ഈ പ്രചരണവും ശശിയെ തിരിഞ്ഞു കുത്തി എന്നാണ് കരുതുന്നത്. പി ശശി തലശ്ശേരിയില്‍ മത്സരിച്ചാല്‍, സിപിഎം പ്രവര്‍ത്തകര്‍ തന്നെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങുമെന്ന സന്ദേശം ചില നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.
ഒടുവില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജനാണ് തലശ്ശേരിയില്‍ നറുക്ക് വീണിരിക്കുന്നത്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ പി ശശി മുന്‍പ് ഇകെ നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനു ശേഷം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പെരുമാറ്റദൂഷ്യം സംബന്ധിച്ച പരാതിയെ തുടര്‍ന്ന് ശശിയെ 2011-ല്‍ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ് ഉണ്ടായത്. 2018ല്‍ ആണ് പിന്നീട് ശശിയെ തിരിച്ചെടുത്തിരുന്നത്. ഇതിനു ശേഷം കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലേക്കും സംസ്ഥാന കമ്മറ്റിയിലേക്കും വളരെ പെട്ടന്നാണ് ശശിക്ക് പരിഗണന ലഭിച്ചിരുന്നത്. ഈ പരിഗണനയില്‍ സി പി എമ്മില്‍ കടുത്ത അതൃപ്തി നിലനില്‍ക്കെയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതല നല്‍കിയിരുന്നത്.
ഈ സെലക്ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ വലിയ തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതാണ് പൊലീസിന് എതിരെ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പോലും പൊലീസ് സ്റ്റേഷനില്‍ നിന്നും നീതികിട്ടാത്ത സാഹചര്യം ഉണ്ടായതും പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറി ആയതോടു കൂടിയാണ്. സി.പി.എം നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിക്കാതെ നടത്തിയ പൊലീസിലെ നിയമനങ്ങള്‍ സംബന്ധിച്ചും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. പനമ്പള്ളി നഗറിലെ അഭിഭാഷക ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ചില ഇടപാടുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി ലഭിക്കുന്ന സാഹചര്യംപോലുമുണ്ടായി. പാര്‍ട്ടി നേതാക്കളുടെ അതൃപ്തി തള്ളിയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ വയ്ക്കാന്‍ താല്‍പര്യപ്പെട്ടത് എന്നതും, സര്‍ക്കാറിന്റെ അവസാന കാലയളവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റിയാല്‍ അത് വലിയ രാഷ്ട്രീയ ചര്‍ച്ചക്ക് കാരണമാകുമെന്നുമുള്ള കാരണത്താലുമാണ് ശശിയെ മാറ്റാതിരുന്നത് എന്നാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ശശിക്ക് എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് സൂചനയും സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. പ്രമുഖ സി.പി.എം നേതാവ് തന്നെയാണ് ഇതു സംബന്ധമായ സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ ഒരു കാര്യം എന്തായാലും ഉറപ്പായിരിക്കുകയാണ് ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യം ഉണ്ടായാല്‍ പോലും പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി എന്തായാലും ഇനി നിയമിക്കപ്പെടുകയില്ല. പാര്‍ട്ടി അന്വേഷണത്തെ നേരിടേണ്ടതായും വരും.
















