കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടത്തിലേക്ക് കടക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ മുന്നണികളെല്ലാം പ്രചാരണരംഗത്ത് സജീവമായി. കോൺഗ്രസ് രണ്ടാം പട്ടിക കൂടി പുറത്തുവിട്ടതോടെ യു.ഡി.എഫ് ചിത്രം വ്യക്തമായി. എൽ.ഡി.എഫും എൻ.ഡി.എയും നേരത്തെ തന്നെ പ്രചാരണത്തിൽ മുന്നിലെത്തിയതോടെ സംസ്ഥാനത്തുടനീളം ഇന്ന് മുതൽ ആവേശകരമായ പോരാട്ടത്തിന് തുടക്കമാകും.
ബാക്കിയുണ്ടായിരുന്ന 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് നിലപാടിൽ ഉറച്ചുനിന്നതോടെ സിറ്റിംഗ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശും പട്ടികയിൽ ഇടംപിടിച്ചില്ല. ലൈംഗിക പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റി പകരം മനോജ് മൂത്തേടൻ മത്സരിക്കും.
ബിജെപി ഇതുവരെ 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, മാവേലിക്കര ഉൾപ്പെടെയുള്ള പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാം പട്ടിക ഇന്ന് പുറത്തു വന്നേക്കും.
തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എൽഡിഎഫ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനാധിപത്യ കേരള കോൺഗ്രസിനോട് പൊതുസമ്മതനായ സ്വതന്ത്രനെ കണ്ടെത്താൻ സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. മന്ത്രി വി. അബ്ദുറഹ്മാനെ താനൂരിൽ നിന്ന് തിരൂരിലേക്ക് മാറ്റി. ധർമടത്ത് മൂന്നാം തവണയും മത്സരത്തിനിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
















