സതീഷ് പി കുറുപ്പ് രചനയും സംവിധാനവും നിർവഹിച്ച “ദി ഫ്ലെയിം” എന്ന കൊച്ചുചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുന്നു. കർട്ടൻ റെയ്‌സിറിന്റെ ബാനറിൽ പുഷ്പ സതീഷ് നിർമ്മിച്ച ഈ ചിത്രം, പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവത്തിന്റെ മൂന്ന് ദിനങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം, ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ വളർച്ചയോട് എതിർത്തുനിൽക്കാൻ ആഗ്രഹിക്കുന്ന അവളുടെ മാനസികാവസ്ഥയെയാണ് ദൃശ്യവൽക്കരിക്കുന്നത്.
അനാവശ്യമായ സാമൂഹിക കാഴ്ചപ്പാടുകളും ആചാരങ്ങളും അവളെ മാറ്റിനിർത്തുമ്പോൾ ഉണ്ടാകുന്ന ആന്തരിക സംഘർഷങ്ങളും പ്രതിഷേധവുമാണ് ചിത്രത്തിന്റെ കാതൽ. കേവലം ഒരു ആർത്തവ കഥ എന്നതിലുപരി, മനഃശാസ്ത്രപരമായ ‘എലക്ട്ര കോംപ്ലക്സ്’ , ‘പൈറോഫോബിയ’ എന്നീ ഘടകങ്ങൾ കൂടി കോർത്തിണക്കിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്. കർട്ടൻ റെയ്‌സിറിലൂടെ അഭിനയപരിശീലനം നേടിയ ശിവഗംഗ എന്ന പന്ത്രണ്ടുകാരിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ആർ. രാജേശ്വരി, ഡോ. സിന്ധു ആർ, ഡോ. കാവ്യ തമ്പി, രാജേഷ് പുത്തൻപറമ്പിൽ, അനാമിയ അഞ്ചൽ, രജിത മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്വാതി എൽ, മീനാക്ഷി വേണുഗോപാൽ എന്നിവർ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു. സാങ്കേതിക മേഖലയിൽ വിനിൽ വിജയ് ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചപ്പോൾ, എസ്.ആർ. സൂരജ് പശ്ചാത്തല സംഗീതവും സൗണ്ട് എഫക്ട്സും ഒരുക്കി.

ഹ്യൂബർട്ട് സെബാസ്റ്റ്യൻ, പ്രസാദ് ജി എന്നിവർ സംവിധാന സഹായികളായും പ്രസാദ് ഗോവിന്ദൻ നിശ്ചല ഛായാഗ്രഹണവും നിർവഹിച്ചു. കർട്ടൻ റെയ്‌സിറിന്റെ സാരഥി കൂടിയായ സതീഷ് പി കുറുപ്പിന്റെ ഈ ചിത്രം ഏപ്രിൽ 19-ന് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് ആദ്യ പ്രദർശനം നടത്തും.

















