മൂന്നാം കൺമണി പിറന്നതിന്റെ സന്തോഷം പങ്കുവെച്ചു മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കും സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലും. തങ്ങളുടെ ഇരട്ട ആൺകുട്ടികളായ കബീറിനും സിയാനും ഒരു അനിയത്തിക്കുട്ടി കൂടി പിറന്നു എന്ന സന്തോഷവാർത്തയാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങളോടെയും വാക്കുകൾക്ക് അതീതമായ നന്ദിയോടെയും ഞങ്ങളുടെ പ്രിയപ്പെട്ടവളെ ഈ ലോകത്തേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കബീറും സിയാനും അവരുടെ കുഞ്ഞനിയത്തി റാഹ പള്ളിക്കൽ കാർത്തിക്കിനെ ഈ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ആവേശത്തിലാണ്. സ്നേഹപൂർവ്വം, ദീപിക, ദിനേഷ്.” ഇതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
2015 ഓഗസ്റ്റ് 25ന് പരമ്പരാഗത ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായവരാണ് കാർത്തിക്കും ദീപികയും. 2021ലാണ് ഇവർക്ക് ഇരട്ട ആൺകുട്ടികൾ ജനിക്കുന്നത് ജനിച്ചത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ കാർത്തിക്, മത്സരരംഗത്ത് നിന്ന് വിരമിച്ച ശേഷം കോച്ചിങ്ങിലേക്കും കമന്ററിയിലും സജീവമാണ്. അതോടൊപ്പം സ്ക്വാഷ് ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ച ആദ്യ ഇന്ത്യൻ വനിതയാണ് ദീപിക പള്ളിക്കൽ.
കൂടാതെ കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ ഒന്നിലധികം മെഡലുകളും നേടിയ ദീപികയെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. 2023 ഒക്ടോബറിൽ നടന്ന ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലാണ് ദീപിക അവസാനമായി മത്സരിച്ചത്.
















