കോഴിക്കോട് ആറാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവിൽ വീട്ടിൽ മുഹമ്മദ് നൂറിനെയാണ് (45) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ആണ് സംഭവം നടന്നത്. സ്കൂളിൽ പരീക്ഷ ആയതിനാൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ കൊണ്ട് പോകാനുള്ള ചുമതല വീട്ടുകാർ ഇയാൾക്ക് ആയിരുന്നു നൽകിയത്. സംഭവദിവസം സ്കൂളിൽ പരീക്ഷക്ക് കൊണ്ടുപോകുന്നതിനിടയിൽ ആളൊഴിഞ്ഞ റോഡിലേക്ക് കൊണ്ടുപോയ ഇയാൾ പെൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.
വീട്ടിൽ എത്തിയ പെൺകുട്ടി സംഭവം ഉടൻ തന്നെ മാതാപിതാക്കളോട് പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ പള്ളിത്താഴത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















