പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ കൃഷ്ണകുമാറും കുടുംബവും. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു.
‘‘ദൈവീകം ഈ ബന്ധം…ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമയോഗിക്ക് സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു…ജയ്‌ഹിന്ദ്.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.

ദിയ കൃഷ്ണയുടെ മകൻ ഓമിയെ താലോലിക്കുന്ന മോദിയുടെ ചിത്രമാണ് അതിൽ ഏറ്റവും ആകർഷണം. ഓമിക്കൊപ്പം മാത്രമല്ല, അഹാന, ഹൻസിക, ഇഷാനി, ദിയ കൃഷ്ണ–അശ്വിൻ എന്നിവർക്കൊപ്പവും പ്രധാനമന്ത്രി പ്രത്യേകം ചിത്രമെടുത്തു. നിരവധിപ്പേരാണ് ചിത്രങ്ങളിൽ കമന്റുമായി എത്തുന്നത്.
അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണോ എന്നാണ് കമന്റുകളിലെ പ്രധാന ചോദ്യം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായൊരു വിശദീകരണം കൃഷ്ണകുമാറിന്റെ കുടുംബം നൽകിയിട്ടില്ല. പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അഹാനയും ഇഷാനിയും ഹൻസികയും പ്രത്യേകം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
‘‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടൊപ്പമുള്ള വളരെ പ്രചോദനം നൽകിയ ഒരു പ്രഭാതം. അദ്ദേഹത്തെപ്പോലെ ഇത്രയും മുകളിൽ നിൽക്കുന്ന ഒരാൾ വളരെ ഊഷ്മളതയോടും വ്യക്തിപരമായ സ്പർശത്തോടും കൂടി ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് ഞാൻ അദ്ഭുതപ്പെട്ടു.
ഞങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ ഉത്തരം നൽകുകയും ലളിതവും ആത്മാർഥവുമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് ഞങ്ങൾ ഏതാണ്ട് മറന്നുപോയ നിമിഷമുണ്ടായി. ലാളിത്യവും മഹത്വവും ഒരുമിച്ച് പോകുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം എന്നും എന്റെ ഹൃദയത്തിൽ വളരെ സ്പെഷലായിരിക്കും.
എന്റെ അച്ഛനെ കണ്ടപ്പോൾ ഞാൻ വളരെയധികം അഭിമാനിച്ചു – ഇത്രയധികം പ്രമുഖ വ്യക്തികൾക്കിടയിൽ അദ്ദേഹത്തിന് വർഷങ്ങളായി ലഭിച്ച ബഹുമാനവും പരിഗണനയും ഞാൻ കണ്ടു. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച സ്വീകരണം അതിനൊരു പ്രതിഫലനമായി തോന്നി. ഒരു മകൾ എന്ന നിലയിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു.’’–അഹാനയുടെ വാക്കുകൾ.
















