ആദിത്യ ധർ ചിത്രം ‘ധുരന്ധർ 2’വിനെ പുകഴ്ത്തി ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രം ആദ്യ ഭാഗത്തെക്കാൾ മികച്ചതാണെന്നും വൈകാരികമായ വശങ്ങളാണ് സിനിമയുടെ കരുത്തെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. നടൻ രൺവീർ സിങിന്റെ പ്രകടനത്തെ അഭിനയത്തിന്റെ പാഠപുസ്തകം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഹംസയായും ജസ്‌കിരതായും രൺവീർ വിസ്മയിപ്പിച്ചുവെന്നും, പ്രത്യേകിച്ച് സഹോദരിക്കൊപ്പമുള്ള ടാങ്ക് ഷെഡിലെ രംഗം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു രാജ്യത്തിന്റെ നിസ്സഹായാവസ്ഥയും നിരാശയും അത്രമേൽ മനോഹരമായി അവതരിപ്പിച്ച ആർ. മാധവനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
‘എനിക്ക് ‘ധുരന്ധർ’ ആദ്യ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ‘ദ് റിവഞ്ച്’ അതിന്റെ വലിപ്പത്തിലും ആത്മാവിലും ആദ്യ ഭാഗത്തെയും മറികടന്നിരിക്കുന്നു. ഇതിന്റെ രചന, കാസ്റ്റിങ്, സാങ്കേതിക തികവ്, സംഗീതം, ലോകോത്തരമായ ഡിസൈൻ, സംവിധാനം എന്നിവയെല്ലാം കുറ്റമറ്റതാണ്… എങ്കിലും സിനിമയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നത് അതിലെ വൈകാരികമായ നിമിഷങ്ങളാണ്.
ഓരോ വഴിത്തിരിവുകളിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം തന്നെ വൈകാരികമായും സ്വാധീനിക്കാൻ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. ആദിത്യ ധർ, നിങ്ങൾ ഇതൊരു വൻ വിജയമാക്കി മാറ്റിയിരിക്കുന്നു. നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ നിർമിക്കാനും അത് റിലീസ് ചെയ്യാനും വലിയ ധൈര്യം വേണം. അവസാന ഫ്രെയിം വരെ പ്രേക്ഷകരെ സീറ്റിൽ തളച്ചിടാൻ ഈ സിനിമയ്ക്കായി.
രൺവീർ സിങ്, എന്ത് പ്രകടനമാണ് സുഹൃത്തേ ഇത്… ആ ഷെഡിൽ സഹോദരിക്കൊപ്പമുള്ള രംഗം അഭിനയത്തിന്റെ ഒരു പാഠപുസ്തകം തന്നെയാണ്. തുടക്കം മുതൽ ഹൃദയം തകർക്കുന്ന ക്ലൈമാക്സ് വരെ ഹംസയായും ജസ്‌കിരത്ത് ആയും നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു.
ആർ. മാധവൻ സർ, ഒരു രാജ്യത്തിന്റെ മുഴുവൻ നിസ്സഹായാവസ്ഥയും നിരാശയും നിങ്ങൾ അത്രമേൽ മനോഹരമായി അവതരിപ്പിച്ചു, നിങ്ങളുടെ വിജയം ഞങ്ങളുടേത് കൂടിയാണെന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. ഈ ഉജ്ജ്വല വിജയത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ!’’.– രാജമൗലി കുറിച്ചു.
നാല് മണിക്കൂറോളം ദൈർഘ്യമുണ്ടായിട്ടും പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ അവസാന നിമിഷം വരെ തിയേറ്ററിൽ പിടിച്ചിരുത്താൻ ‘ധുരന്ദർ 2’വിന് സാധിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകാഭിപ്രായം. ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ 370 കോടിയിലധികം രൂപ നേടിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. രാജമൗലിയെപ്പോലൊരു സംവിധായകന്റെ പ്രശംസ കൂടി ലഭിച്ചതോടെ സിനിമയുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.
















