പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടരുന്ന സംഘർഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ അടുക്കളകളെയും ഹോട്ടൽ വ്യവസായത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പാചകവാതക ക്ഷാമം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ സിലിണ്ടറുകളുടെ വില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് വിതരണക്കാരും ഉപഭോക്താക്കളും.
ഗ്യാസ് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ടൽ മേഖല സ്തംഭനാവസ്ഥയിലാണ്. പലയിടങ്ങളിലും ഹോട്ടലുകൾ ഭാഗികമായി അടച്ചിടുകയോ പ്രവർത്തന സമയം ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. പാചകവാതകം കൂടുതൽ ആവശ്യമുള്ള ദോശ, പൊറോട്ട തുടങ്ങിയ ‘ലൈവ്’ വിഭവങ്ങൾ മിക്ക ഹോട്ടലുകളും മെനുവിൽ നിന്ന് ഒഴിവാക്കി. പ്രശസ്തമായ ഇന്ത്യൻ കോഫി ഹൗസ് അടക്കമുള്ള സ്ഥാപനങ്ങൾ വിറകടുപ്പുകളെ ആശ്രയിച്ചാണ് നിലവിൽ മുന്നോട്ട് പോകുന്നത്. സിലിണ്ടറുകൾ ലഭ്യമാകുന്ന മുറയ്ക്ക് മാത്രം തുറക്കുകയും സ്റ്റോക്ക് തീരുന്നതോടെ അടയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് പല ചെറുകിട ഹോട്ടലുകളും.
പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വാണിജ്യ മേഖലയിലുള്ള പാചകവാതക വിഹിതം കേന്ദ്രസർക്കാർ 20 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ വരും ദിവസങ്ങളിൽ വിപണിയിൽ എത്രത്തോളം ഗുണകരമാകുമെന്നാണ് പൊതുജനം ഉറ്റുനോക്കുന്നത്. നിലവിലെ ക്ഷാമത്തിന് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷയെങ്കിലും അന്താരാഷ്ട്ര സാഹചര്യങ്ങൾ വെല്ലുവിളിയായി തുടരുന്നു.ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര തലത്തിൽ ഇന്ത്യ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ചരക്ക് നീക്കത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാൻ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ചരക്ക് കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കിയാൽ മാത്രമേ ഇന്ധന ഇറക്കുമതി സാധാരണ നിലയിലാകൂ എന്നാണ് വിലയിരുത്തൽ.
















