നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9ന് (വ്യാഴാഴ്ച) സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ സ്ഥിരം ജീവനക്കാർക്ക് പുറമെ താൽക്കാലിക ജീവനക്കാരും ഉൾപ്പെടും.
തങ്ങൾ വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ട് ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കേരളത്തിലെ 140 മണ്ഡലങ്ങളിലും ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജനവിധി അറിയാനുള്ള വോട്ടെണ്ണൽ മെയ് 4ന് നടക്കും. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു.
















