ലോകത്ത് ദശലക്ഷക്കണക്കിന് വീടുകളിലെ മുഖ്യാഹാരമാണ് ചോറ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കൂടിയ അളവിൽ അരി വേവിച്ച് അടുത്ത ദിവസങ്ങളിലുപയോഗിക്കാനായി സൂക്ഷിച്ചു വയ്ക്കുന്നത് സാധാരണമാണ്. പിന്നീട് ആവശ്യം വരുമ്പോൾ ചൂടാക്കി ഉപയോഗിക്കും എന്നാൽ ചോറ് വേവിച്ച് ശരിയായ രീതിയിൽ അല്ലാതെ ശേഖരിച്ചു വയ്ക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഇതിന്റെ അപകടസാധ്യതകൾ മനസ്സിലാക്കുന്നതും ശരിയായ ഭക്ഷ്യ സുരക്ഷാ ശീലങ്ങൾ പിന്തുടരുന്നതും രോഗങ്ങൾ വരാതെ സംരക്ഷിക്കും.
വേവിക്കാത്ത അരിയിൽ ബാസിലസ് സിറിയസ് എന്ന ഒരു ബാക്ടീരിയ ഉണ്ട്. സാധാരണ പാചകം ചെയ്യുന്ന താപനിലയിൽ ഇവ നശിച്ചു പോകാതെ നിലനിൽക്കും. ഇവ സ്പോർട്സ് അഥവാ ബീജകോശങ്ങളുണ്ടാക്കും. ഈ പ്രത്യേക ബാക്ടീരിയയുടെ ബീജകോശങ്ങൾ ചൂടിനെ പ്രതിരോധിക്കും. വേവിച്ച ചോറ് സാധാരണ താപനിലയിൽ വയ്ക്കുമ്പോൾ ഒരു പ്രത്യേക സമയം കഴിഞ്ഞാൽ, അതായത് നാലു മണിക്കൂർ കഴിഞ്ഞാൽ ഈ ബീജകോശങ്ങൾ (spores) ഇരട്ടിക്കാൻ തുടങ്ങും. ഇവ ഉത്പാദിപ്പിക്കുന്ന വിഷാംശങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ നശിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള ഭക്ഷ്യവിഷബാധയെ ‘റീഹീറ്റഡ് റൈസ് സിൻഡ്രോം’ അല്ലെങ്കിൽ ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്നു വിളിക്കുന്നു. ബാക്കി വന്ന ചോറ് ഏറെ നേരം റെഫ്രിജറേറ്ററിന് പുറത്തു വയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ബാസിലസ് സീറിയസ് മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ വളരെ പെട്ടെന്നാണ് ഉണ്ടാകുന്നത്. മലിനമായ ചോറ് കഴിച്ച് ഒന്നു മുതൽ ആറു മണിക്കൂറിനു ശേഷം ലക്ഷണങ്ങൾ പ്രകടമാകും. സാധാരണ ലക്ഷണങ്ങൾ ഇവയാണ്.
∙ ഓക്കാനം
∙ ഛർദി
∙ വയറുവേദന
∙ വയറിളക്കം
∙ ചെറിയ പനി
∙ ക്ഷീണം, തളർച്ച
മിക്കതും വളരെ ചെറുതും ഒരു ദിവസം കൊണ്ടുതന്നെ ഭേദമാകുന്നതുമാണ്. എന്നാൽ കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേകിച്ച് നിർജലീകരണം ഒരു പ്രശ്നമായേക്കാം. മിക്ക കേസുകളിലും ആരോഗ്യമുള്ള മുതിർന്നവരിൽ ഭക്ഷ്യവിഷബാധ വേഗത്തിൽ സുഖമാകും. എന്നാൽ ചിലരിൽ അതായത് കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ചില ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് ഭക്ഷ്യവിഷബാധമൂലം ചില സങ്കീർണതകളുണ്ടാവാം. ശരീരത്തിൽ നിന്ന് കൂടിയ അളവിൽ ഫ്ലൂയിഡും ഇലക്ട്രോലൈറ്റുകളും ഭക്ഷ്യവിഷബാധ മൂലം നഷ്ടപ്പെടാം.
















