പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പറവൂർ പെരുവാരം പൂതയിൽ വിനോദ് (46) നെയാണ് വടക്കേക്കര പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സ്കൂൾ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതിന് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഷോൾഡർ ബാഗുകളിൽ പ്രത്യേക പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു.
പ്രതിക്കെതിരെ രണ്ട് കിലോയിലധികം കഞ്ചാവ് കൈവശം വച്ചതിന് കോതമംഗലം എക്സൈസിൽ മയക്കുമരുന്ന് കേസും, നോർത്ത്, പറവൂർ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















