നിയമസഭാ ഉപതെരഞ്ഞെടുപ്പ് വട്ടിയൂർക്കാവിൽ അപ്രതീക്ഷിത രാഷ്ട്രീയ ബോംബുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. തന്നെ പരാജയപ്പെടുത്താൻ ബിജെപി കൗൺസിലർമാർ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി രഹസ്യമായി വോട്ട് പിടിക്കുന്നു എന്ന ഗുരുതര ആരോപണമാണ് മുരളീധരൻ ഉയർത്തിയിരിക്കുന്നത്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ ബിജെപി നേതൃത്വം സിപിഎമ്മിന് ‘ക്വട്ടേഷൻ’ നൽകിയിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന നേമത്ത് താൻ നേടിയ വിജയം സംഘപരിവാർ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് മുരളീധരൻ അവകാശപ്പെടുന്നു. ഇതിന് പകരമായി വട്ടിയൂർക്കാവിൽ ബിജെപി വോട്ടുകൾ ഇടത് മുന്നണിക്ക് മറിച്ചുനൽകാൻ ധാരണയായെന്നാണ് മുരളിയുടെ പക്ഷം. മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി കൗൺസിലർമാരുടെ സ്വാധീന മേഖലകളിൽ ബിജെപി മനഃപൂർവം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
















