നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബിജെപി പരാതി നൽകി. മന്ത്രിയെന്ന തന്റെ ഔദ്യോഗിക പദവി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്നും, ഇത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ബിജെപി ലീഗൽ ഇൻ ചാർജ് ആണ് മണ്ഡലം വരണാധികാരിക്ക് ഔദ്യോഗികമായി പരാതി കൈമാറിയത്. സർക്കാർ സംവിധാനങ്ങളും പദവിയും ഉപയോഗിച്ച് വോട്ട് തേടുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
















