രാജ്യത്തിന്റെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിലെ യാത്രികന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല നാളെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. സ്‌കൂളിലെ സ്‌പേസ് ക്ലബ്ബായ ‘ബിയോണ്ട് ദ ഹൊറൈസണ്‍’ (Beyond the Horizon) സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. മാര്‍ച്ച് 28-ന് ഉച്ചയ്ക്ക് 12.30-ന് സ്‌കൂള്‍ അസംബ്ലി ഹാളിലാണ് ചടങ്ങു നടക്കുന്നത്. ബഹിരാകാശ പര്യവേഷണ രംഗത്തെ ഇന്ത്യയുടെ പുതിയ കുതിപ്പുകളെക്കുറിച്ചും ഗഗന്‍യാന്‍ ദൗത്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
വരുംതലമുറയില്‍ ശാസ്ത്രബോധവും ബഹിരാകാശ ഗവേഷണ താല്‍പ്പര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ് ക്ലബ് ഈ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കെ. വി. പ്രമോദ് അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയിലെയും ഇസ്രോയിലെയും ശ്രദ്ധേയമായ സാന്നിധ്യമായ ശുഭാന്‍ഷു ശുക്ലയെ നേരില്‍ കാണാനും സംവദിക്കാനുമുള്ള ഈ അപൂര്‍വ്വ അവസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
















