മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒന്നാണ് സിബിഐ ഫ്രാഞ്ചൈസി. ഇപ്പോഴിതാ ചിത്രത്തിന്റെ ആറാം ഭാഗം ഉടൻ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ കെ. മധു. ഒരു പൊതുപരിപാടിയിൽ വെച്ചാണ് ഇതേക്കുറിച്ച് സംവിധായകൻ സംസാരിച്ചത്.
“സിബിഐയുടെ അഞ്ച് ഭാഗങ്ങളും കണ്ടവരാണോ നിങ്ങൾ. ഉറപ്പാണേ. നാളെ മാറ്റി പറയരുത്. അഞ്ച് ഭാഗവും ഇഷ്ടപ്പെട്ടോ. ആറാം ഭാഗം കാണണമോ. എന്നാൽ ഉടനെ വരും. സിനിമ ഉടനെ പ്രതീക്ഷിക്കാം”, എന്നായിരുന്നു കെ മധുവിന്റെ വാക്കുകൾ. പിന്നാലെ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകർ.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിബിഐ 6 വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. ‘ദി പ്രീസ്റ്റ്’, ‘രേഖാചിത്രം’ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ജോഫിൻ ടി ചാക്കോ ആകും സംവിധായകനാകുക എന്നും അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്ത സിനിമകളാണ് സിബിഐ സീരീസുകൾ. 1988ൽ ആയിരുന്നു ആദ്യ സിനിമ റിലീസ് ചെയ്തത്. കോളിളക്കം ഉണ്ടാക്കിയ ഓമന കൊലക്കേസുമായെത്തിയ പടം കണ്ട് മലയാളി ഞെട്ടി. തൊട്ടടുത്ത വർഷം സിനിമാനടിയുടെ കൊലപാതക കഥ പറഞ്ഞ് ജാഗ്രത എത്തി. 5 കൊലപാതകങ്ങളിൽ ഒന്ന് ചെയ്തത് താനല്ലെന്ന പ്രതിയുടെ വെളിപ്പെടുത്തലായിരുന്നു 2004ലെ സേതുരാമയ്യർ സിബിഐക്ക് ആധാരം.
2005ൽ നേരറിയാൻ സിബിഐ. ഒരു സ്ത്രീയെ പ്രതി സ്ഥാനത്ത് നിർത്തിയ നാലാം കഥയും പ്രേക്ഷകർ കയ്യടിയോടെ വരവേറ്റു. 17 വർഷത്തെ ഇടവേളക്ക് ശേഷം അയ്യർ അഞ്ചാം വരവും നടത്തി. വൻ പ്രതീക്ഷയോടെ ആണ് ഈ ചിത്രം റിലീസ് ചെയ്തതെങ്കിലും വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
















